2011 ല്‍ പുറത്തുവന്ന് സെന്‍സേഷണല്‍ ഹിറ്റായി മാറിയ ഗാനമായിരുന്നു ധനുഷിന്റെ ത്രീ എന്ന ചിത്രത്തിലെ കൊലവെറി.
അനിരുദ്ധ് രവിചന്ദര്‍ എന്ന സംഗീത സംവിധായകന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ച ഗാനമാണിത്. ഇപ്പോഴിതാ കൊലവെറിക്ക് ശേഷം തനിക്ക് വലിയ വലിയ പ്രോജക്ടുകള്‍ ചെയ്യാന്‍ പല ഇന്‍ഡസ്ട്രികളില്‍ നിന്നും ക്ഷണം ലഭിച്ചു എന്ന് പറയുകയാണ് അനിരുദ്ധ്.
എന്നാല്‍ ഈ അവസരങ്ങള്‍ എല്ലാം തന്നെ താന്‍ നിരസിച്ചുവെന്നും എന്നിട്ട് ഒരു ചെറിയ തമിഴ് ചിത്രം ചെയ്തു എന്നുമാണ് അനിരുദ്ധ് പറയുന്നത്. അതിന് കാരണം കൊലവറി ഒരു ഒറ്റ തവണ ഹിറ്റ് മാത്രമല്ലയെന്ന് ബോധിപ്പിക്കാന്‍ വേണ്ടിയാണെന്നും അനിരുദ്ധ് പറയുന്നു.
‘കൊലവെറി ഇറങ്ങിയ ശേഷം ഹിന്ദിയില്‍ നിന്ന് ഉള്‍പ്പെടെ സിനിമകള്‍ ചെയ്യാന്‍ ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷെ അതൊന്നും ഞാന്‍ സ്വീകരിച്ചില്ല അതൊക്കെ അന്ന് ചെയ്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ ആളുകളെ തൃപ്തിപ്പെടുത്താന്‍ പറ്റിയില്ലായെങ്കില്‍ ആളുകള്‍ പറയും കൊലവെറി ഒരു ഒറ്റ തവണ വിജയം മാത്രമാണെന്ന്, അതുകൊണ്ട് വളരെ ശ്രദ്ധിച്ച് അടുത്തതായി ചെയ്തത് ഒരു ചെറിയ തമിഴ് സിനിമയാണ്,’ അനിരുദ്ധ് പറയുന്നു.
ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം ലിയോ ആണ് അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത് റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ലോകേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം ഒന്നടങ്കം. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.