ഉന്നാല്‍ മുടിയാത് അനിരുദ്ധേ: ഇന്ത്യന്‍ 2വിന്റെ സംഗീതത്തിനെതിരെ എ.ആര്‍ റഹ്‌മാന്‍ ഫാന്‍സ്
Entertainment
ഉന്നാല്‍ മുടിയാത് അനിരുദ്ധേ: ഇന്ത്യന്‍ 2വിന്റെ സംഗീതത്തിനെതിരെ എ.ആര്‍ റഹ്‌മാന്‍ ഫാന്‍സ്
അമര്‍നാഥ് എം.
Thursday, 18th July 2024, 11:37 am

വലിയ ബജറ്റും സ്റ്റാര്‍ കാസ്റ്റുമായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ചിത്രം ഇന്ത്യന്റെ തുടര്‍ഭാഗമാണ് ഇന്ത്യന്‍ 2. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതു മുതല്‍ നെഗറ്റീവ് അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിച്ചത്. ഷങ്കര്‍, കമല്‍ ഹാസന്‍ എന്നിവരുടെ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലാണ് പലരും ഇന്ത്യന്‍ 2വിനെ ഉള്‍പ്പെടുത്തിയത്.

സ്‌ക്രിപ്റ്റ് ഉള്‍പ്പെടെ പല മേഖലയും അമ്പേ പരാജയമായിരുന്നു. അതില്‍ എല്ലാവരും എടുത്തു പറയുന്ന ഡിപ്പാര്‍ട്‌മെന്റാണ് ചിത്രത്തിന്റെ സംഗീതം. ആദ്യ ഭാഗത്തില്‍ എ.ആര്‍ റഹ്‌മാന്‍ ചെയ്തുവെച്ച സംഗീതത്തിന്റെ ഏഴയലത്ത് അനിരുദ്ധിന്റെ സംഗീതത്തിനായിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനിരുദ്ധ് ചെയ്ത പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്റേഴ്‌സായി മാറിയിരുന്നു.

ഇതോടെ പലരും അനിരുദ്ധിനെ എ.ആര്‍ റഹ്‌മാനു മുകളില്‍ പ്രതിഷ്ഠിച്ചു വെച്ചു. എന്നാല്‍ ഇന്ത്യന്‍ 2 ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് റഹ്‌മാന്‍ ഫാന്‍സ് അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ 2വിലെ ‘പാരാ’ എന്ന ഗാനം മാത്രമാണ് സിനിമയോട് നീതി പുലര്‍ത്തിയത്. ബാക്കി പാട്ടുകള്‍ അനിരുദ്ധിന്റെ സ്ഥിരം ബീറ്റ് ടൈപ്പ് പാട്ടുകളായി മാറി.

ഇന്ത്യന്‍ പോലൊരു ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സംഗീതം നല്‍കുമ്പോള്‍ അതിനോട് അല്പമെങ്കിലും നീതി പുലര്‍ത്തണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇന്ത്യനിലെ പച്ചൈ കിളികള്‍ എന്ന പാട്ടിന്റെ ലെവലില്‍ എത്താന്‍ പോലും ഇന്ത്യന്‍ 2വിലെ പാട്ടുകള്‍ക്ക് സാധിച്ചിട്ടില്ല. സേനാപതിക്ക് കൊടുത്ത ബി.ജി.എം അനിരുദ്ധിന്റെ കരിയറിലെ മോശം വര്‍ക്കുകളിലൊന്നെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

തിയേറ്റര്‍ കുലുക്കുന്ന, കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആഘോഷിക്കുന്ന പാട്ടുകള്‍ ഒരുക്കുന്നതില്‍ അനിരുദ്ധ് സമകാലീന സംഗീത സംവിധായകരില്‍ മുന്നിലാണ്. എന്നാല്‍ പാന്‍ ഇന്ത്യന്‍ കണക്ഷന്‍ ഉണ്ടാക്കുന്ന സംഗീതം സൃഷ്ടിക്കാന്‍ അനിരുദ്ധിന് കഴിയില്ലെന്ന ജവാന്‍ കാണിച്ചു തന്നതാണ്.

എ.ആര്‍ റഹ്‌മാന്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്തുവെച്ച പാട്ടുകളായ ‘ഛയ്യ ഛയ്യ (ദില്‍സേ), ‘മുക്കാലാ മുകാബലാ (ഹം സേ ഹേ മുകാബല) എന്നീ പാട്ടുകള്‍ ഇപ്പോഴും തരംഗമാണ്. ഈയൊരു കാര്യം അനിരുദ്ധിന് സാധിക്കില്ലെന്നാണ് റഹ്‌മാന്‍ ഫാന്‍സിന്റെ വാദം.

Content Highlight: Anirudh’s music in Indian 2 not came up to A R Rahman’s level

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം