ഫാന്‍ബോയ് ആയിപ്പോയില്ലേ, ഇത്രയെങ്കിലും ചെയ്യണ്ടേ..... തലൈവര്‍ക്ക് ട്രിബ്യൂട്ടുമായി അനിരുദ്ധ്
Entertainment
ഫാന്‍ബോയ് ആയിപ്പോയില്ലേ, ഇത്രയെങ്കിലും ചെയ്യണ്ടേ..... തലൈവര്‍ക്ക് ട്രിബ്യൂട്ടുമായി അനിരുദ്ധ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th April 2024, 8:46 pm

രജിനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. രജിനിയുടെ 171ാമത് സിനിമയാണ് ഇത്. ലിയോക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 1982ല്‍ റിലീസായ രംഗയിലെ ഹിറ്റ് ഡയലോഗിലൂടെയാണ് ടീസറില്‍ ലോകേഷ് രജിനിയെ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയ മുഴുവന്‍ രജിനിയുടെ ഡയലോഗായിരുന്നു ചര്‍ച്ച.

എന്നാല്‍ ടീസറില്‍ അനിരുദ്ധ് ചെയ്തുവെച്ച സംഗീതത്തെക്കുറിച്ചും നിരവധി ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ ടീസറില്‍ കേട്ട കൂലി ഡിസ്‌കോ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രജിനിയുടെ കടുത്ത ആരാധകനായ അനിരുദ്ധ് ഇത്തവണയും രജിനിയുടെ വിന്റേജ് ഹിറ്റിനെ റീമാസ്റ്റര്‍ ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്.

1983ല്‍ റിലീസായ രജിനി ചിത്രം തങ്കമകനിലെ പാട്ടിന്റെ പോര്‍ഷനാണ് അനിരുദ്ധ് തന്റെ ഇഷ്ടനടന് വേണ്ടി പുനരാവിഷ്‌കരിച്ചത്. ‘വാ വാ പക്കം വാ’ എന്ന ഗാനത്തില്‍ രജിനി ചുവടുവെക്കുന്ന ഡിസ്‌കോ പോര്‍ഷനാണ് അനിരുദ്ധ് തന്റേതായ ശൈലിയില്‍ റീമാസ്റ്റര്‍ ചെയ്തത്.

ഇത് ആദ്യമായല്ല അനിരുദ്ധ് പഴയ പാട്ടുകള്‍ റീമിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത്. രജിനിയുടെ ടൈറ്റില്‍ കാര്‍ഡിന്റെ ഐക്കോണിക് ബി.ജി.എമ്മായ അണ്ണാമലൈയിലെ ബി.ജി.എം പേട്ടയിലും, വിജയ് ചിത്രം മാസ്റ്ററില്‍ ഗില്ലിയിലെ കബഡി സോങും റീമിക്‌സ് ചെയ്ത് ഗംഭീര എക്‌സ്പീരിയന്‍സ് ആരാധകര്‍ക്കായി ഒരുക്കിയിരുന്നു. ലോകേഷ്- കമല്‍ ഹാസന്‍ ചിത്രം വിക്രമിലും പഴയ വിക്രമിന്റെ ടൈറ്റില്‍ സോങ് റീമിക്‌സ് ചെയ്തിരുന്നു.

തുടര്‍ച്ചയായി ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ച് തമിഴിലെ ബ്രാന്‍ഡായി മാറിയ ലോകേഷിനോടൊപ്പം സൂപ്പര്‍സ്റ്റാര്‍ ഒന്നിക്കുന്ന സിനിമക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Anirudh remastered another vintage song of Rajnikanth in Coolie