| Sunday, 2nd June 2024, 5:59 pm

ഫാന്‍ ഫൈറ്റിന്റെ ആവശ്യമൊന്നുമില്ല, അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ പോലും ആരുമല്ല: അനിരുദ്ധ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യ മുഴുവന്‍ ഒരുപാട് ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ്. ധനുഷ് നായകനായ 3യിലൂടെയാണ് അനിരുദ്ധ് സിനിമാമേഖലയിലേക്കെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ സംഗീതം നല്‍കി ഈ തലമുറയിലെ മികച്ച സംഗീത സംവിധായകരിലൊരാളായി മാറാന്‍ അനിക്ക് സാധിച്ചു.

തുടര്‍ച്ചയായി ഹിറ്റ് ആല്‍ബങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അനിരുദ്ധിനെ എ.ആര്‍ റഹ്‌മാനുമായി പലരും താരതമ്യം ചെയ്യുന്നുണ്ടായിരുന്നു. റഹ്‌മാന്‍ സംഗീതം ചെയ്ത ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ അനിരുദ്ധ് സംഗീതം നല്‍കിയപ്പോള്‍ ഫാന്‍ ഫൈറ്റ് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പലരും റഹ്‌മാനു മുകളില്‍ അനിരുദ്ധിനെ പ്രതിഷ്ഠിച്ചു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് അനിരുദ്ധ് മറുപടിയുമായി എത്തി.

ഇന്ത്യന്‍ 2വിന്റെ ഓഡിയോ ലോഞ്ചിനിടെ അനിരുദ്ധ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ‘അനിരുദ്ധ് എറാ’ ആണ് ഇപ്പോള്‍ ഉള്ളതെന്ന് പലരും പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ റഹ്‌മാന് മുകളില്‍ ആരുമില്ലെന്നുമാണ് അനിരുദ്ധ് പറഞ്ഞത്. താന്‍ റഹ്‌മാന്റെ കടുത്ത ആരാധകനാണെന്ന് പല വേദികളിലും അനിരുദ്ധ് പറഞ്ഞിട്ടുണ്ട്.

‘ആ എറാ, ഈ എറാ എന്ന് പലരും പറയുന്നത് കാണുന്നുണ്ട്. റഹ്‌മാന്‍ സാറിന് മുകളിലാണ് ഞാനെന്ന് വരെ ചിലര്‍ പറയുന്നത് കേട്ടു. ഷങ്കര്‍ സാറിന്റെ സ്‌റ്റൈലില്‍ അതിന് മറുപടി പറയുകയാണെങ്കില്‍ ‘സിക്‌സിന്റെ അപ്പുറത്ത് സെവന്‍ ഡാ… റഹ്‌മാന്‍ സാറിന്റെ മുകളില്‍ യെവന്‍ ഡാ,’ എത്ര കാലം കഴിഞ്ഞാലും ഞാന്‍ റഹ്‌മാന്‍ സാറിന്റെ ആരാധകനാണ്. അദ്ദേഹത്തിന് മുകളില്‍ ഞാനെന്നല്ല, ആരുമില്ല,’ അനിരുദ്ധ് പറഞ്ഞു.

Content Highlight: Anirudh reacts to the comparison with A R Rahman in Indian 2 audio launch

We use cookies to give you the best possible experience. Learn more