ജയിലര്‍ കണ്ടിറങ്ങിയ ആരും മറക്കാന്‍ ഇടയില്ലാത്ത ഒന്നാണ് അനിരുദ്ധ് രവിചന്ദ്രര്‍ എന്ന പേര്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ആളുകളെ തിയേറ്ററുകളില്‍ എത്തിക്കുന്നതില്‍ അനിരുദ്ധ് പാട്ടുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
ജയിലര്‍ ഓഡിയോ ലോഞ്ചില്‍ ഉള്‍പ്പെടെ ‘ഹുക്കും’ കൊണ്ട് അഴിഞ്ഞാടിയ അനി യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന്റെ പത്തിരട്ടിയാണ് ചിത്രത്തില്‍ അനിരുദ്ധ് ചെയ്തിരിക്കുന്നത്.
ജയിലറിലെ മാസ് രംഗങ്ങള്‍ എലിവേറ്റ് ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഗീതം വഹിച്ച പങ്ക് ചില്ലറയല്ല. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ അനിരുദ്ധ് രവിചന്ദറെ പ്രശംസിച്ച് ആരാധകര്‍ എത്തിയിരുന്നു.
സൂപ്പര്‍സ്റ്റാറുകളുടെ മാസ് രംഗത്തില്‍ അനിരുദ്ധ് മ്യൂസിക്ക് മാജിക്ക് ആണ് കാട്ടിയിരിക്കുന്നത്. അഥിതി വേഷത്തില്‍ എത്തിയ മോഹന്‍ലാലിനും ശിവരാജ് കുമാറിനും വമ്പന്‍ ബി.ജി.എം തന്നെ അനിരുദ്ധ് സമ്മാനിച്ചു.
സ്‌ക്രീനില്‍ രജിനി ഷോ, മോഹന്‍ലാല്‍ ഷോ, ശിവരാജ് കുമാര്‍ ഷോ ആണ് നടന്നതെങ്കില്‍ സിനിമ മുഴുവന്‍ അനിരുദ്ധ് ഷോ ആയിരുന്നു.
ഇന്ത്യയിലെ മികച്ച സംഗീത സംവിധായകരില്‍ മുന്‍പന്തിയില്‍ തന്നെയാണ് ഇപ്പോഴും അനിരുദ്ധ് ഉള്ളത്. അടുത്തിടെ ഇന്ത്യയില്‍ എ. ആര്‍ റഹ്‌മാനെക്കാള്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ആറ്റ്‌ലി ഷാരുഖ് ചിത്രം ജവാനിലും ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോയിലും സംഗീതം ഒരുക്കുന്നത് അനിരുദ്ധ് തന്നെയാണ്. തിയേറ്ററില്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകുപ്പ് തന്നെ ഇരു ചിത്രങ്ങളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം ജയിലര്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 5.5 കോടി രൂപ ആദ്യ ദിനം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. വിജയിക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി കഴിഞ്ഞു.
ലോകമെമ്പാടും നിന്ന് ചിത്രം 95 കോടിയോളം രൂപ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ വാരന്ത്യം കൂടി കഴിയുമ്പോള്‍ ചിത്രം സകല റെക്കോഡും തിരുത്തി കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Anirudh Ravinchander is the back bone of jailer movie