| Wednesday, 25th September 2024, 12:33 pm

മനസിലായോ പാട്ടിന്റെ എല്ലാ ക്രെഡിറ്റും അവര്‍ക്കുള്ളതാണ്: അനിരുദ്ധ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ എന്നറിയപ്പെടുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ധനുഷ് നായകനായ ത്രീയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അനിരുദ്ധിന് ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിരയിലേക്ക് എത്താന്‍ സാധിച്ചു.

ജയിലറിന് ശേഷം അനിരുദ്ധ് രജിനികാന്തിന് വേണ്ടി സംഗീതമൊരുക്കുന്ന ചിത്രമാണ് വേട്ടയന്‍. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം ഈയിടെ റിലീസായിരുന്നു. രജിനികാന്തും മഞ്ജു വാര്യറും ഫുള്‍ എനര്‍ജിയില്‍ ആടിത്തിമര്‍ത്ത പാട്ടായിരുന്നു ‘മനസിലായോ’. മലയാളവും തമിഴും ഇടകലര്‍ത്തിയുള്ള പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്.

പ്രശസ്ത തമിഴ് ഗായകന്‍ മലേഷ്യ വാസുദേവന്റെ ശബ്ദം പാട്ടിന് വേണ്ടി എ.ഐയിലൂടെ പുനഃസൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ട്രെന്‍ഡിങ്ങാണ് ഗാനം ഇപ്പോള്‍.

മനസിലായോ പാട്ടിന്റെ എല്ലാ ക്രെഡിറ്റും ഗാനരചയിതാക്കളായ സൂപ്പര്‍ സുബുവിനും വിഷ്ണു എടവനുമാണെന്ന് പറയുകയാണ് അനിരുദ്ധിപ്പോള്‍. പാട്ടെഴുതിയ സൂപ്പര്‍ സുബുവിനും തനിക്കും മലയാളം അറിയില്ലായിരുന്നെന്നും അറിയാവുന്ന മലയാളത്തില്‍ എഴുതിയ പാട്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു.

രജിനികാന്തിന്റെ ഇന്‍ട്രോ സോങ്ങുകളുടെ വരികളില്‍ സാധാരണ സന്ദേശങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതൊന്നും ഇല്ലാതെ ലളിതമായി ഒരു പാട്ട് ചെയ്യാം എന്നതായിരുന്നു മനസിലായോ പാട്ട് ചെയ്യുമ്പോള്‍ കരുതിയതെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ സുബു എഴുതിയ ആദ്യ ഡ്രാഫ്റ്റ് തന്നെ നന്നായി വന്നെന്നും അതുകൊണ്ടുതന്നെ സുബുവിനും വിഷ്ണുവിനുമാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം പറയുന്നു.

‘മനസിലായോ എന്ന വാക്ക് നേരത്തെ തന്നെ പോപ്പുലര്‍ ആയതുകൊണ്ടാണ് അത് വെച്ച് പാട്ട് ചെയ്യാം എന്ന് കരുതിയത്. കേരള തമിഴ്‌നാട് ബോര്‍ഡറില്‍ നടക്കുന്ന ഒരു സംഭവമായിരുന്നു കഥയിലുള്ള സന്ദര്‍ഭം. സൂപ്പര്‍ സുബുവിനും വിഷ്ണു എടവനുമാണ് ഈ പാട്ടിന്റെ എല്ലാ ക്രെഡിറ്റും. ആദ്യം സൂപ്പര്‍ സുബുവാണ് പാട്ട് എഴുതിയത്.

എനിക്കും സൂപ്പര്‍ സുബുവിനും മലയാളം അറിയില്ലായിരുന്നു. അറിയാവുന്ന മലയാളത്തില്‍ അദ്ദേഹം ഒന്ന് എഴുതി തന്നു. കേള്‍ക്കാന്‍ അത് നന്നായിരുന്നു. രജിനികാന്തിന്റെ ഇന്‍ട്രോ സോങ്ങുകളുടെ വരികളില്‍ സാധാരണ സന്ദേശങ്ങള്‍ ഒക്കെ ഉണ്ടാകാറുണ്ട്. അതൊന്നും ഇല്ലാതെ ലളിതമായി ഒരു പാട്ട് ചെയ്യാം എന്നായിരുന്നു ആലോചന. സൂപ്പര്‍ സുബു എഴുതിയ ആദ്യ ഡ്രാഫ്റ്റ് തന്നെ നന്നായി വന്നു. അതുകൊണ്ട് തന്നെ സുബുവിനും വിഷ്ണുവിനുമാണ് നന്ദി പറയേണ്ടത്,’അനിരുദ്ധ് പറയുന്നു.

Content Highlight: Anirudh Ravichander Talks  About Manasilayo Song

We use cookies to give you the best possible experience. Learn more