കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജായത്തിന് ശേഷം രജിനികാന്തും ബീസ്റ്റിന് മോശം അഭിപ്രായം കേട്ട ശേഷം നെല്‍സനും ചെയ്യുന്ന സിനിമ എന്ന നിലയില്‍ ജയിലര്‍ സിനിമാലോകം ഉറ്റുനോക്കിയ പ്രൊജക്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ 600 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്.
മലയാളത്തില്‍ നിന്ന് മോഹന്‍ലാലും, കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും, ബോളിവുഡില്‍ നിന്ന് ജാക്കി ഷറോഫും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തെ ആരാധകര്‍ ആഘോഷമാക്കി. വെറും പത്ത് മിനിറ്റ് മാത്രം സ്‌ക്രീനില്‍ വന്ന മോഹന്‍ലാലിന്റെ ക്യാരക്ടര്‍ വലിയ ഇംപാക്ടാണ് ജയിലറില്‍ ഉണ്ടാക്കിയത്. മോഹന്‍ലാലിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ സംഗീതവും ആഘോഷമായി.
മോഹന്‍ലാലിന് വേണ്ടി തയാറാക്കിയ ബി.ജി.എമ്മിനെക്കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്. മോഹന്‍ലാലിന്റെ കഥാപാത്രം മുംബൈയില്‍ വലിയ കള്ളക്കടത്ത് സെറ്റപ്പൊക്കെയുള്ള ആളാണെന്നും ആ കഥാപാത്രത്തിന് നെല്‍സണ്‍ റെഫറന്‍സാക്കിയത് പാബ്ലോ എസ്‌കോബാറിനെയായിരുന്നെന്നും അനിരുദ്ധ് പറഞ്ഞു. അത്തരത്തിലുള്ള കഥാപാത്രത്തിന്റെ ബി.ജി.എം മറ്റ് ബി.ജി.എമ്മില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിച്ചുവെന്നും അനിരുദ്ധ് പറഞ്ഞു.
രജിനികാന്ത്, ശിവരാജ് കുമാര്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് സ്വല്പം ലോക്കല്‍ ടച്ചുള്ള ബീറ്റിലാണ് ബി.ജി.എം ഒരുക്കിയതെന്നും മോഹന്‍ലാലിന്റെ കഥാപാത്രത്തിന് കുറച്ച് ഇലക്ട്രിക്കല്‍ ടച്ചുള്ള ബി.ജി.എമ്മാണ് തയാറാക്കിയതെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു. ജയിലറിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സണ്‍ പിക്‌ചേഴ്‌സ് പുറത്തിറക്കിയ ജയിലര്‍ അണ്‍ലോക്ക്ഡ് എന്ന പരിപാടിയിലാണ് അനിരുദ്ധ് ഇക്കാര്യം പറഞ്ഞത്.
‘രജിനി സാറിന്റെ ക്യാരക്ടറും, ശിവരാജ് കുമാര്‍ സാറിന്റെ ക്യാരക്ടറും ആദ്യമേ സിനിമയുടെ ഭാഗമായിരുന്നു. ലാല്‍ സാര്‍ പിന്നീടാണ് ജയിലറിന്റെ ഭാഗമാകുന്നത്. ആ ക്യരക്ടര്‍ മുംബൈ ബേസ് ചെയ്തിട്ടുള്ള ഒരു ഗ്യാങ്സ്റ്ററാണ്. പാബ്ലോ എസ്‌കോബാറിനെയാണ് ആ കഥാപാത്രത്തിന് വേണ്ടി നെല്‍സണ്‍ റഫറന്‍സ് ചെയ്തത്.
മറ്റ് ക്യാരക്ടേഴ്‌സില്‍ നിന്നും മാത്യു കുറച്ച് ഡിഫറന്റാണ്. അതുകൊണ്ടാണ് രജിനി സാറിന്റെയും ശിവരാജ് സാറിന്റെയും ക്യാരക്ടേഴ്‌സിന് ലോക്കല്‍ ഫ്‌ളേവറുള്ള ബി.ജി.എമ്മും ലാല്‍ സാറിന്റെ ക്യാരക്ടറിന് ഇലക്ട്രിക്കല്‍ ടച്ചുള്ള ബി.ജി.എമ്മും ഒരുക്കിയത്,’ അനിരുദ്ധ് പറഞ്ഞു.
Content Highlight: Anirudh Ravichander about Mohanlal’s bgm in Jailer