| Tuesday, 14th June 2022, 7:56 am

ദൈവത്തിന് പോലും ഹേറ്റേഴ്‌സുണ്ട്, ഇതൊന്നും മൈന്റ് ചെയ്യാറില്ല: കോപ്പിയടി വിമര്‍ശനത്തോട് അനിരുദ്ധിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്‍- ലോകേഷ് കനകരാജ് ചിത്രം വിക്രം വമ്പന്‍ വിജയം നേടിയപ്പോള്‍ കയ്യടി കിട്ടിയവരുടെ കൂട്ടത്തില്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറുമുണ്ടായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനുമായി പ്രത്യേകം ബി.ജി.എം സൃഷ്ടിച്ച അനിരുദ്ധ് വിക്രത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സിനെ വേറെ ലെവലിലേക്കാണ് ഉയര്‍ത്തിയത്.

കേരളത്തിലെ ചിത്രത്തിന്റെ വിജയത്തിന് നന്ദി അറിയിക്കാനായി അനിരുദ്ധും സംവിധായകന്‍ ലോകേഷ് കനകരാജും കേരളത്തില്‍ എത്തിയിരുന്നു. ഇതോടനുബന്ധിച്ചുള്ള പ്രസ് മീറ്റില്‍ വിമര്‍ശനങ്ങളെ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന് അതൊന്നും മൈന്റ് ചെയ്യാറില്ലെന്നായിരുന്നു അനിരുദ്ധിന്റെ മറുപടി. പാട്ടുകള്‍ കോപ്പിയടിച്ചു എന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

‘ദൈവത്തിന് പോലും ഹേറ്റേഴ്‌സ് ഉണ്ട്. ലോകത്തിലെല്ലാവര്‍ക്കും ഹേറ്റേഴ്‌സ് ഉണ്ട്. നിര്‍മിതമായ വിമര്‍ശനമായിട്ടാണ്(constructive criticism) ഞാന്‍ ഇതിനെ കാണുന്നത്. വിമര്‍ശനങ്ങള്‍ കേട്ട് എന്തെങ്കിലും സത്യമുണ്ടെന്ന് തോന്നിയാല്‍ അത് തിരുത്താന്‍ ശ്രമിക്കും. പിന്നെ വ്യക്തിപരമായ ആക്രമണമാണെങ്കില്‍ ഇതൊക്കെ അവഗണിച്ച് സന്തോഷത്തോടെ മുമ്പോട്ട് പോവുക എന്നതാണ് എന്റെ പോളിസി.

പണ്ട് മുതലേ സംഗീതത്തോട് ഇഷ്ടമുണ്ടായിരുന്നു. ചെറിയ പ്രായം മുതലേ പിയാനോ പഠിക്കാറുണ്ടായിരുന്നു. തമിഴ് സിനിമയിലെ മ്യൂസിക് ലെജന്റ്‌സിനെ എല്ലാം കണ്ട് കണ്ട് മ്യൂസിക് ഡയറക്ടറാവണമെന്ന് ആഗ്രഹമുണ്ടായി. ആദ്യ പാട്ട് പുറത്തിറങ്ങുമ്പോള്‍ ഇത് വിജയിക്കുമോ ഇല്ലയോ എന്നറിയില്ലല്ലോ. വിജയിച്ചപ്പോഴാണ് ഇതാണ് ഇനി എന്റെ പ്രൊഫഷന്‍ എന്ന് തീരുമാനിച്ചത്.

എനിക്ക് പിന്നാലെ നിരവധി പുതിയ മ്യൂസിക് ഡയറക്ടേഴ്‌സ് വന്നിട്ടുണ്ടല്ലോ. അവരൊക്കെ എങ്ങനെ ചെയ്യുന്നുവെന്ന് എപ്പോഴും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഞാന്‍ ഒരു ജോലിയാണ് ചെയ്യുന്നത്. അത് എന്റെ കഴിവിന്റെ പരമാവധി നന്നാക്കാന്‍ നോക്കുന്നുണ്ട്,’ അനിരുദ്ധ് പറഞ്ഞു.

ഷാരൂഖ് ഖാന്‍ ചിത്രം ജവാന് വേണ്ടിയാണ് ഇനി അനിരുദ്ധ് സംഗീത സംവിധാനം ചെയ്യുന്നത്. അറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയായ ജവാനില്‍ നയന്‍താരയാണ് നായിക.

Content Highlight: Anirudh ravichandar’s answer to the question of how to deal with criticism is that it does not matter

We use cookies to give you the best possible experience. Learn more