രജിനികാന്തിനായി അനിരുദ്ധ് സംഗീത സംവിധാനം ചെയ്തപ്പോഴൊക്കെ പിറന്നത് പ്രേക്ഷകരെ മുഴുവൻ ചുവടുവെക്കാൻ പ്രേരിപ്പിക്കുന്ന ഹിറ്റ് ഗാനങ്ങളാണ്. പേട്ട, ദർബാർ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഭരിക്കുന്ന സ്റ്റേജ് ഷോകൾ ഇപ്പോഴുമുണ്ട്. ഈ വർഷം റിലീസിനൊരുങ്ങുന്ന രജിനികാന്ത് ചിത്രം ജെയ്ലറിലും അനിരുദ്ധ് മാജിക് ഉണ്ടെന്ന് ഇതിനോടകം പ്രേക്ഷകർ മനസിലാക്കിക്കഴിഞ്ഞു. തികച്ചും ഒരു ഫാൻ ബോയ് തന്റെ പ്രിയപ്പെട്ട താരത്തിന് നൽകുന്ന എല്ലാ ആരാധനയും സ്നേഹവും അനിരുദ്ധ് മ്യൂസിക്കിലൂടെ കാണാം. ജെയ്ലർ എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയാണ് അനിരുദ്ധ്.
രജിനികാന്തിന് മാസ്സ് കൂടുന്നതനുസരിച്ചാണ് താൻ ഒരുക്കുന്ന ഗാനങ്ങളിലും മാസ്സ് കൂടുന്നതെന്ന് അനിരുദ്ധ് പറഞ്ഞു. അദ്ദേഹത്തിനുവേണ്ടി നല്ല ഗാനങ്ങൾ കൊടുക്കുന്നതിനേക്കാൾ ഉപരി താൻ തന്റെ ജീവൻ വരെ കൊടുക്കുമെന്നും അനിരുദ്ധ് പറഞ്ഞു.
‘തലൈവ ‘ലവ് യു സൊ മച്ച്’. എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴാണ് എന്നെ സിനിമ കാണാൻ ആദ്യമായി കൂട്ടിക്കൊണ്ട് പോകുന്നത്. അത് അണ്ണാമലൈ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആയിരുന്നു. അന്ന് അദ്ദേഹത്തിന്റെ പവർ എനിക്ക് ഫീൽ ചെയ്തിരുന്നു, ആ പവർ ആണ് ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ഓരോ എൻട്രിക്കും കൊടുക്കുന്നത്.
അദ്ദേഹത്തിന് നല്ല ഗാനങ്ങൾ കൊടുക്കുന്നതൊന്നും ഒരു വല്യ കാര്യമേയല്ല, അതിലുപരി ഞാൻ അദ്ദേഹത്തിന് എന്റെ ജീവൻ വരെ കൊടുക്കും.
അദ്ദേഹത്തിന് മാസ്സ് കൂടി വരുന്നതുകൊണ്ട് തന്നെ തലൈവർക്കായി കൊടുക്കുന്ന ഗാനത്തിനും മാസ്സ് കൂടും,’ അനിരുദ്ധ് പറഞ്ഞു.
പരിപാടിയിൽ അദ്ദേഹം സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെപ്പറ്റിയും സംസാരിച്ചു. നെൽസൺ തന്റെ ആദ്യത്തെ ചിത്രത്തിൽ തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും നാലാമത്തെ ചിത്രത്തിൽ തന്നെ സൂപ്പർ സ്റ്റാർ രജിനിയുടെ ഡേറ്റ് വാങ്ങിയതിൽ അദ്ദേഹത്തെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്നും അനിരുദ്ധ് പറഞ്ഞു.
‘നെൽസണെ എനിക്ക് ഒരുപാട് വർഷങ്ങളായിട്ട് അറിയാം. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഒന്നുരണ്ട് തവണ ഷൂട്ട് ചെയ്തിട്ട് നിർത്തി വെക്കേണ്ടി വന്നതാണ്. അതിന് ശേഷം അദ്ദേഹം സിനിമ വിട്ട് മുൻപ് ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്കുതന്നെ തിരികെ പോയി. പക്ഷെ വീണ്ടും തിരികെയെത്തിയത് കോലമാവ് കോകില എന്ന ചിത്രത്തിന്റെ വിജയത്തിലൂടെയാണ്. അത് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്. അവിടുന്ന് തുടങ്ങി വെറും നാലാമത്തെ ചിത്രത്തിൽ അദ്ദേഹം സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ ഡേറ്റ് വാങ്ങി. അത് വളരെ വലിയൊരു നേട്ടമാണ്. ഇത്തവണയും നിങ്ങൾക്ക് തന്നെയാകും വിജയം,’ അനിരുദ്ധ് പറഞ്ഞു.
നെല്‍സന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനായെത്തുന്ന ‘ജെയ്ലർ’ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. രജിനീകാന്തിന്റെ മാസ്സ് രംഗങ്ങളും ആരാധകരില്‍ പ്രതീക്ഷയേറ്റിയിട്ടുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ‘ഇന്‍ഡിപെന്‍ഡന്‍സ്’ ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്.
content highlights: Anirudh on Rajinikanth