| Sunday, 15th September 2024, 10:22 pm

എനിക്കും പാട്ടെഴുതിയ ആള്‍ക്കും മലയാളമറിയില്ല, അറിയുന്ന മലയാളം വെച്ചാണ് ആ പാട്ടെഴുതിയത്: അനിരുദ്ധ് രവിചന്ദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ എന്നറിയപ്പെടുന്ന സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ധനുഷ് നായകനായ ത്രീയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന അനിരുദ്ധ് ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിരയിലേക്ക് ഓടിക്കയറാന്‍ അനിക്ക് സാധിച്ചു. ഏത് സിനിമയില്‍ വര്‍ക്ക് ചെയ്താലും അതിലെ പാട്ടുകള്‍ ചാര്‍ട്ട്ബസ്റ്റേഴ്‌സാക്കാനും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാനും അനിക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം പല മ്യൂസിക് പ്ലാറ്റ്‌ഫോമുകളും ഭരിച്ചത് അനിരുദ്ധ് ഈണമിട്ട ഹുക്കും ആയിരുന്നു.

ജയിലറിന് ശേഷം അനിരുദ്ധ് രജിനികാന്തിന് വേണ്ടി സംഗീതമൊരുക്കുന്ന ചിത്രമാണ് വേട്ടയന്‍. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം റിലീസായിരുന്നു. രജിനികാന്തിനൊപ്പം മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും ഫുള്‍ എനര്‍ജിയില്‍ ആടിത്തിമര്‍ത്ത പാട്ടായിരുന്നു ‘മനസിലായോ’. മലയാളവും തമിഴും ഇടകലര്‍ത്തിയുള്ള പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്.

ഈ പാട്ട് നടക്കുന്നത് തമിഴ്‌നാട്-കേരള അതിര്‍ത്തിയിലാണെന്നും അതുകൊണ്ടാണ് രണ്ട് ഭാഷകള്‍ മിക്‌സ് ചെയ്ത് പാട്ട് തയാറാക്കിയതെന്നും അനിരുദ്ധ് പറഞ്ഞു. അങ്ങനെയാരു പാട്ടിനെപ്പറ്റിയാലോചിച്ചപ്പോള്‍ തനിക്ക് അറിയാവുന്ന ഒരെയൊരു മലയാളം വാക്കായ ‘മനസിലായോ’ എന്ന വാക്ക് വെച്ച് പാട്ട് തയ്യാറാക്കിയെന്നും അനി കൂട്ടിച്ചേര്‍ത്തു. പാട്ടെഴുതിയ സൂപ്പര്‍ സുബുവിനും മലയാളം അറിയില്ലായിരുന്നെന്നും അറിയാവുന്ന മലയാളം വെച്ച് പാട്ട് തയാറാക്കിയെന്നും അനിരുദ്ധ് പറഞ്ഞു. റെഡ് നൂലിനോട് സംസാരിക്കുകയായിരുന്നു അനിരുദ്ധ്.

‘ഈ പാട്ടിന്റെ സിറ്റുവേഷന്‍ നടക്കുന്നത് കേരള- തമിഴ്‌നാട് ബോര്‍ഡറിലാണ്. അവിടെ ഉള്ള ഒരു ആഘോഷത്തില്‍ രജിനി സാര്‍ പങ്കെടുക്കുന്നു. അതാണ് പാട്ടിന്റെ കോണ്‍ടെക്‌സ്റ്റ്. അതിന് മലയാളവും തമിഴും പാട്ടില്‍ വേണം. അങ്ങനെയാണ് ഈ പാട്ടിലേക്കെത്തുന്നത്. ജയിലറിലെ ‘ഹുക്കും’ എന്ന പാട്ടെഴുതിയ സൂപ്പര്‍ സുബു തന്നെയാണ് ഈ പാട്ടും എഴുതിയത്.

രജിനി സാറിന്റെ പാട്ടായതുകൊണ്ട് ഒരു ഹുക്ക് സ്റ്റെപ്പും ഹുക്ക് വേര്‍ഡും വേണം. അതിന്റെ കൂടെ കുറച്ച് സാരോപദേശവും വേണം. ഇതെല്ലാം ചേര്‍ന്ന ഒരു പാട്ടാണ് വേണ്ടതെന്നുള്ള രീതിയിലാണ് ഈ പാട്ട് തയാറാക്കിയത്. എനിക്ക് ആകെ അറിയാവുന്ന മലയാളം വാക്ക് ‘മനസിലായോ’ ആണ്. ജയിലറില്‍ വിനായകന്‍ പറഞ്ഞ ആ ഡയലോഗ് മാത്രമേ എന്റെ മനസില്‍ ഉള്ളൂ. എന്നെക്കാള്‍ പരിതാപകരമായിരുന്നു സുബുവിന്റെ അവസ്ഥ. അവസാനം അറിയാവുന്ന മലയാളം വെച്ച് ആ പാട്ട് ഞങ്ങള് കംപ്ലീറ്റ് ചെയ്തു,’ അനിരുദ്ധ് പറഞ്ഞു.

Content Highlight: Anirudh about Manasilayo song in Vettaiyan

We use cookies to give you the best possible experience. Learn more