| Friday, 19th October 2018, 8:57 pm

മീ ടൂ: സെലിബ്രിറ്റി മാനേജര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മീ ടൂ ക്യാംപയിനില്‍ കുടുങ്ങി ജോലി നഷ്ടമായ സെലിബ്രിറ്റി മാനേജര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാന്‍ എന്റര്‍റ്റെയിന്‍മെന്റിന്റെ സ്ഥാപകരിലൊരാളായ അനിര്‍ബന്‍ ദാസ് ബ്‌ളായാണ് ആത്മഹത്യാശ്രമം നടത്തിയത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ മുംബൈയിലെ വാഷി പാലത്തില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിക്കുന്ന അനിര്‍ബനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. രാത്രി പേട്രോളിങ്ങിനിറങ്ങിയ പോലീസുകാരാണ് അനിര്‍ബനെ വാഷി പാലത്തിനു സമീപം കണ്ടത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച അനിര്‍ബനെ കുടുംബാംഗങ്ങളുടെ കൂടെ വിട്ടു.


മി ടൂ ക്യാംപയിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ അനിര്‍ബനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ജോലിയില്‍ തുടരേണ്ടതില്ലെന്ന് ക്വാന്‍ എന്റര്‍റ്റെയിന്‍മെന്റ് അനിര്‍ബനെ അറിയിച്ചിരുന്നു.

“കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു. ജോലിക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുന്നതില്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. മീ ടൂ ക്യാംപയിനെ ഞങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും” ക്വാന്‍ എന്റര്‍റ്റെയിന്‍മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അഭിനേതാക്കളായ റണ്‍ബീര്‍ കപൂര്‍, ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്‌റോഫ്, ദീപിക പദുകോണ്‍, സോനം കപൂര്‍, ശ്രദ്ധ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരെ മാനേജ് ചെയ്യുന്ന സ്ഥാപനമാണ് ക്വാന്‍ എന്റര്‍റ്റെയിന്‍മെന്റ്.

We use cookies to give you the best possible experience. Learn more