Advertisement
national news
കേന്ദ്ര സര്‍ക്കാര്‍ ആജ്ഞക്കനുസരിച്ച് കെട്ടിച്ചമച്ച മാധ്യമവിചാരണകളില്‍ നിന്നും മോചനം: കോടതി വിചാരണയെ സ്വാഗതം ചെയ്ത് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 29, 03:47 am
Saturday, 29th February 2020, 9:17 am

ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ വിചാരണക്ക് അനുമതി നല്‍കിയ ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും. തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച രാജ്യദ്രോഹക്കേസില്‍ കോടതിയില്‍ വിചാരണ നടത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണെന്നും തങ്ങളുടെ നിരപരാധിത്വത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും ഇരുവരും ചേര്‍ന്ന് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘ ദല്‍ഹി സര്‍ക്കാര്‍ രാജ്യദ്രോഹക്കേസില്‍ വിചാരണക്ക് അനുമതി നല്‍കിയതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങളുടെ നിരപരാധിത്വത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, ജൂഡീഷ്യറിയില്‍ പൂര്‍ണ്ണവിശ്വാസവും. കൂടാതെ ഞങ്ങള്‍ക്കെതിരെയുള്ള ഈ കേസ് കോടതി വിചാരണയിലേക്ക് എത്തണമെന്ന് നാളുകളായി ഞങ്ങള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞക്കനുസരിച്ച് തങ്ങള്‍ക്കെതിരെ നടന്ന മാധ്യമവിചാരണ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും വിദ്വേഷം വളര്‍ത്തുന്നചതായിരുന്നെന്ന് ഈ വിചാരണയിലൂടെ തെളിയുമെന്നും ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയയും പറയുന്നു. കെട്ടിച്ചമച്ച കേസുകളുടെ നിഴലില്‍ ആവശ്യത്തില്‍ കൂടുതല്‍ കാലം കഴിഞ്ഞുവെന്നും ഇനിയെങ്കിലും അതില്‍ നിന്നൊരും മോചനം വേണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

2016ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. നേരത്തെ 2016ല്‍ ജെ.എന്‍.യു അധ്യക്ഷനായിരുന്ന കനയ്യ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണത്തിന് അടിസ്ഥാനമാക്കിയിരുന്ന സീ ടിവി സംപ്രേഷണം ചെയ്ത വീഡിയോ ടേപ്പ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൂന്നു വാര്‍ത്താ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

സീ ന്യൂസ്, ന്യൂസ് എക്‌സ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയായിരുന്നു കേസ്. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനലുകള്‍ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കേസില്‍ വിചാരണ നടപടികള്‍ക്ക് അനുമതി നല്‍കി കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനുമുയര്‍ന്നിരുന്നെങ്കിലും നിലപാടില്‍ നിന്നും പിന്മാറാന്‍ ആംആദ്മി തയ്യാറായിരുന്നില്ല.

ദല്‍ഹി സര്‍ക്കാരിന് നന്ദിയറിച്ചുകൊണ്ടായിരുന്നു കനയ്യകുമാറിന്റെ പ്രതികരണം. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോടതി വിചാരണയിലൂടെ രാജ്യദ്രോഹക്കേസിലെ കതിരും പതിരും പുറത്തുവരുമെന്ന് അനിര്‍ബന്‍ ഭട്ടാചാര്യയും ഉമര്‍ ഖാലിദും പ്രതികരണക്കുറിപ്പിലൂടെ അറിയിച്ചു. വിചാരണ നടക്കുമ്പോള്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നുണകളും വ്യാജമായ ദേശസ്‌നേഹവും പുറത്തുകൊണ്ടുവരുമെന്നും ഇവര്‍ വ്യക്തമാക്കി.