ചെന്നൈ: വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആനി രാജയെ നിശ്ചയിച്ചത് സി.പി.ഐക്ക് സംഭവിച്ച പിഴവാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ പി.ചിദംബരം. രാഹുല്‍ ഗാന്ധി വയനാട്ടിലെ സിറ്റിങ് എം.പിയാണെന്നും സി.പി.ഐയാണ് അവിടെ പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തയതെന്നും അതിനാല്‍ തെറ്റ് പൂര്‍ണമായും സി.പി.ഐയുടെ ഭാഗത്താണ് എന്നുമാണ് പി.ചിദംബരം പറഞ്ഞത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയെ സംബന്ധിച്ച് തെറ്റായ സന്ദേശം നല്‍കുമെന്ന ഇടത് വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പി. ചിദംബരത്തിന്റെ പ്രതികരണം.’രാഹുല്‍ ഗാന്ധി വയനാട്ടിലെ സിറ്റിങ് എം.പിയാണ്. സി.പി.ഐയാണ് അവിടെ പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. അതുകൊണ്ട് തന്നെ തെറ്റ് പൂര്‍ണമായും സി.പി.ഐയുടേതാണ്’ പി.ചിദംബരം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് കൂടി ദേശീയ ശ്രദ്ധയാകര്‍ഷിച്ച മത്സരമാണ് വയനാട്ടില്‍ നടക്കുന്നത്. സി.പി.ഐയുടെ ദേശീയ നേതാവ് ആനിരാജയാണ് വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമാണ്.
കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പതാകകള്‍ ഉപയോഗിച്ചില്ല എന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ കൊടി ഉപയോഗിക്കുന്നത് ദേശീയ തലത്തില്‍ തെറ്റായ പ്രചരണങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് റോഡ് ഷോയില്‍ കൊടികള്‍ ഉപയോഗിക്കാതിരുന്നത്.
ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഇടതു കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നത്. ലീഗിന്റെ വോട്ട് വേണമെന്നും എന്നാല്‍ അവരുടെ കൊടി ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് മുഖ്യമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞത്. അതേ സമയം റോഡ്‌ഷോയില്‍ ലീഗിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെയും കൊടി ഉപയോഗിച്ചിട്ടില്ലെന്നും കൊടി ഉപയോഗിക്കാത്ത രീതിയിലുള്ള പുതിയ തരത്തിലുള്ള പ്രചാരണമാണ് വയനാട്ടില്‍ സംഘടിപ്പിച്ചത് എന്നുമാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിമര്‍ശനം.
content highlights: Aniraja’s candidature was a mistake for CPI: P. Chidambaram