കേരളത്തിന്റെ പഴയ കാലത്തേക്ക് ഒരു തിരിച്ച് പോക്ക്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ഷോര്‍ട്ട്ഫിലിം കണ്ടാല്‍ നിങ്ങള്‍ക്ക് നൊസ്റ്റാള്‍ജിയ അടിക്കും. അതിഥി കൃഷ്ണ ദാസ് സംവിധാനം ചെയ്ത് സുരേഷ് എറിയാട്ട് ഒരുക്കി ഈക്സോറസ് സ്റ്റുഡിയോ നിര്‍മിച്ച ആനിമേഷന്‍ ഹ്രസ്വചിത്രം ‘കണ്ടിട്ടുണ്ട്’ ശ്രദ്ധേയമാവുകയാണ്.
മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ആനിമേഷന്‍ ചലച്ചിത്രമേഖലയില്‍ അതിഥി നടത്തിയ പരീക്ഷണം നിരൂപക പ്രശംസ ഏറ്റുവാങ്ങി മുന്നേറുകയാണ്. ‘കണ്ടിട്ടുണ്ട്’ മലയാളത്തിലെ മികച്ച ആനിമേഷന്‍ ചിത്രങ്ങളിലൊന്നാണ് എന്ന് തന്നെ പറയേണ്ടി വരും. വിജയകുമാറിനൊപ്പം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയും ചേര്‍ന്നാണ് സൗണ്ട് ഡിസൈന്‍ ചെയ്തത്.
ഈക്സോറസ് സ്റ്റുഡിയോയുടെ സ്ഥാപകനായ സുരേഷ് ഏറിയാട്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍ പി.എന്‍.കെ പണിക്കരുടെ കഥ അതിഥിയോട് ആദ്യം പറഞ്ഞത്. ഒപ്പം ഒരു ഓഡിയോയും അയച്ചു കൊടുത്തു. ഈ വോയിസ് റെക്കോര്‍ഡാണ് അതിഥി 12 മിനിട്ട് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ചിത്രമാക്കിയത്.
അമാനുഷിക ഘടകങ്ങളുടെ ഒരു ലോകം തന്നെയാണ് അതിഥി സൃഷ്ടിച്ചെടുത്തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പി.എന്‍.കെ പണിക്കരില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ അമ്മാവന്‍മാരെ തന്നെയാണ് കാണാന്‍ കഴിയുന്നത്. ഇയാളെ എനിക്ക് പരിചയമുണ്ടല്ലോ എന്നൊരു തോന്നല്‍ കാണുന്നവര്‍ക്കുണ്ടാവും. നമ്മള്‍ കുട്ടിക്കാലത്ത് കേട്ടിട്ടുള്ള അമാനുഷികമായ ശക്തികളെ പറ്റി അല്പം അതിഭാവുകതത്തോട് കൂടി വിവരിക്കുന്ന അയാളുടെ സംസാരം കേള്‍ക്കുമ്പോള്‍ തുടര്‍ന്നെന്ത് സംഭവിച്ചു എന്നറിയാന്‍ നമുക്കും കൗതുകമുണ്ടാവും.
മാമ്പഴം ശേഖരിക്കുന്ന ജീവി, കുട്ടിച്ചാത്തന്മാരെ പ്രീതിപ്പെടുത്തി ശത്രുക്കള്‍ക്ക് പണി കൊടുക്കുന്നതെങ്ങനെ, അകാലമരണം സംഭവിക്കുന്ന ഗര്‍ഭിണികള്‍ക്ക് എന്താണ് സംഭവിക്കുന്നത്, വെള്ളത്തില്‍ വീണ് മരിച്ചവരുടെ ആത്മാക്കളില്‍ നിന്നും എങ്ങനെ രക്ഷപ്പെടണം എന്നിങ്ങനെ അമാനുഷിക ശക്തികളില്‍ നിന്നും താന്‍ നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്.
പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കേരളീയ വാദ്യോപകരണങ്ങളായ ഉടുക്ക്, ചെണ്ട, കൈമണി മുതലായവയുടെ ശബ്ദമിശ്രണം ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
പ്രേക്ഷകനെ രസിപ്പിക്കുന്ന തരത്തില്‍ കഥ പറയുന്ന രീതിയും, സംഭാഷണങ്ങളും, ആനിമേഷനുമെല്ലാം ഗംഭീരമായിട്ടുണ്ട്. 12 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഫെന്റാസിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 2021 ലെ ഏറ്റവും മികച്ച ആനിമേഷനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Animation short film Kandittund gains critical appreciation