| Wednesday, 22nd August 2018, 8:51 am

ബക്രീദിന് കന്നുകാലികളെ പരസ്യമായി കശാപ്പു ചെയ്യരുത്; മറ്റു മതവിഭാഗത്തില്‍പ്പെട്ടവരുടെ വികാരം വൃണപ്പെടുത്തരുതെന്നും യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി പരസ്യമായി കന്നുകാലികളെ അറക്കുന്നതിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. മൃഗങ്ങളുടെ രക്തവും മാംസോച്ഛിഷ്ടങ്ങളും അഴുക്കുചാലുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരുടെ മതവികാരങ്ങളെ വൃണപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും, അത് സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

“പരമ്പരാഗത രീതിയില്‍ ബക്രീദ് ആഘോഷിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കന്നുകാലികളെ അറക്കുന്നത് പരസ്യമായോ, വിവിധ മതവിഭാഗത്തിലുള്ളവര്‍ ഒരുമിച്ചു ജീവിക്കുന്ന പ്രദേശങ്ങളില്‍ വച്ചോ ആകാന്‍ പാടില്ല. മൃഗങ്ങളുടെ രക്തവും മറ്റ് അവശിഷ്ടങ്ങളും തുറന്ന ഓടകളില്‍ തള്ളുന്നതും വര്‍ഗ്ഗീയ ലഹളകളുടെ സാധ്യത കണക്കിലെടുത്ത് ഒഴിവാക്കേണ്ടതുണ്ട്.” ജില്ലാ മജിസ്‌ട്രേറ്റുമായും പൊലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.

പ്രത്യേക സംരക്ഷണമുള്ള മൃഗങ്ങള്‍, പ്രത്യേകിച്ച് പശുക്കള്‍, ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി അറക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. താനൊരു ഹിന്ദുമത വിശ്വാസിയാണെന്നും ഈദ് പോലുള്ള ആഘോഷങ്ങളില്‍ പങ്കുചേരാറില്ലെന്നുമുള്ള ആദിത്യനാഥിന്റെ പ്രസ്താവന കഴിഞ്ഞ വര്‍ഷം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Also Read: ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ധീരതയ്ക്കുള്ള മെഡല്‍

ബക്രീദ് ആഘോഷങ്ങള്‍ക്കു വേണ്ടുന്ന മാംസത്തിനായി ഒട്ടകം പോലുള്ള വലിയ മൃഗങ്ങളെയാണ് ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും കശാപ്പു ചെയ്യാറ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നും അറവുശാലകളില്ലാത്തതിനാല്‍ മൃഗങ്ങളെ പൊതു സ്ഥലങ്ങളില്‍ വച്ച് കശാപ്പു ചെയ്യുന്നതാണ് പതിവ്.

കന്‍വാര്‍ യാത്രയുടെ പാതയടക്കം സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന എല്ലാ പ്രദേശങ്ങളിലും തികഞ്ഞ ജാഗ്രത പതിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കാനും, ബക്രീദ് ദിനത്തില്‍ സംസ്ഥാനത്തൊട്ടാകെ വൈദ്യുതിയും വെള്ളവും മുടങ്ങാതെ ശ്രദ്ധിക്കാനും ആദിത്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു.

വിവിധ മതവിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളിലെ മത പുരോഹിതന്മാരുമായി ചര്‍ച്ചകള്‍ നടത്താനും പൊലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more