അച്ഛനെ ഏറെ സ്‌നേഹിക്കുന്ന മകന്‍, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മകന്റെ സ്‌നേഹം മനസിലാക്കാതെ പെരുമാറുന്ന അച്ഛന്‍. ഇത്തരം പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ ഇതാദ്യമായല്ല.
എന്നിട്ടും രണ്‍ബീര്‍ കപൂറിന്റെ ‘അനിമല്‍’ എന്ന സിനിമ എങ്ങനെയാണ് ഇത്രയും വലിയ വിജയം നേടുന്നത്? ആ ചോദ്യത്തിന് മറുപടി ഒന്നേയുള്ളു, സന്ദീപ് റെഡ്ഡി വംഗ.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമല്‍’ എന്ന സിനിമയും സംവിധാനം ചെയ്തിരിക്കുന്നത്.
എന്താണ് യഥാര്‍ത്ഥ വയലന്‍സെന്ന് താന്‍ കാണിച്ചു തരുമെന്ന് ഒരിക്കല്‍ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത് നമ്മളാരും മറന്നിട്ടില്ല. വയലന്‍സ് കാണിക്കാന്‍ എന്തിനാണ് മകന്റെ സ്‌നേഹം തിരിച്ചറിയാത്ത അച്ഛനെയും, ട്രോമയിലായ മകനെയും കാണിക്കുന്നത് എന്ന ചോദ്യത്തിനും മറുപടിയുണ്ട്.
ഒരു കഥയുമില്ലാതെ വെറുതെ സിനിമയില്‍ വയലന്‍സ് കാണിക്കാന്‍ കഴിയില്ലല്ലോ. അപ്പോള്‍ പിന്നെ കണ്ട് നില്‍ക്കുന്ന പ്രേക്ഷകന്റെ ഉള്ളില്‍ നായകന്റെ ഈ അമിതമായ വയലന്‍സിന് കാരണം അവന്റെ ഉള്ളിലെ ട്രോമയാണെന്ന് തോന്നിപ്പിക്കണം. അത്തരത്തില്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കണം. ആ കാര്യത്തില്‍ സംവിധായകന്‍ നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്.
അച്ഛനായി അഭിനയിച്ച അനില്‍ കപൂറും മകനായി അഭിനയിച്ച രണ്‍ബീര്‍ കപൂറും തമ്മിലുള്ള സീനുകള്‍ വളരെ കുറവാണ്. സ്വന്തം ബിസിനസ് കാര്യങ്ങളില്‍ തിരക്കിലായ അച്ഛന്റെയും മകന്റെയും ഒന്നിച്ചുള്ള സീനുകള്‍ കുറഞ്ഞതില്‍ എന്താണ് അത്ഭുതമെന്ന് വേണമെങ്കില്‍ ചിന്തിക്കാം.
അപ്പോഴും രണ്‍വിജയ് എന്ന കഥാപാത്രം അച്ഛന്‍ കാരണം അനുഭവിച്ച വേദനകള്‍ കാണിക്കുന്ന സീനുകള്‍ ഈ സിനിമയില്‍ എത്രത്തോളം ഉണ്ടായിട്ടുണ്ട്?
സിനിമയുടെ തുടക്കത്തില്‍ രണ്‍വിജയ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അച്ഛന്റെ പിറന്നാള്‍ ദിവസം ക്ലാസില്‍ നിന്ന് ഇറങ്ങി വരാന്‍ ശ്രമിക്കുന്നതും ടീച്ചര്‍ അടിക്കുന്നതും, അതിന് ശേഷം വീട്ടിലോ അച്ഛന്റെ ഫാക്ടറിയിലോ ചെന്നിട്ടും അച്ഛനെ കാണാന്‍ പറ്റാതെ രണ്‍വിജയ് സങ്കടപെടുന്നതും കണ്ടിട്ടുണ്ട്.
അതിനപ്പുറം ആ മകന്‍ അനുഭവിച്ച വേദനകള്‍ കാണിക്കുന്ന സീനുകള്‍ ആ സിനിമയില്‍ അധികം കാണാന്‍ കഴിയില്ല. എന്നാല്‍ ചില ഭാഗങ്ങളില്‍ രണ്‍വിജയ് അനുഭവിച്ച കാര്യങ്ങള്‍ നാലോ അഞ്ചോ മിനുട്ട് വരുന്ന സീനില്‍ വെറുതെ പറഞ്ഞു പോകുന്നുണ്ട്.
മൈക്കിള്‍ ജാക്‌സന്റെ കാര്യം പറയുന്ന സീനും, അച്ഛന്‍ സമ്പന്നനായതിന്റെ പേരില്‍ സ്‌കൂളില്‍ സീനിയേര്‍സ് തന്നെ ബുള്ളിയിങ് ചെയ്ത കാര്യവും, അവരോട് പ്രതികാരം വീട്ടാന്‍ താന്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന കാര്യവുമൊക്കെ നാലോ അഞ്ചോ മിനുട്ട് നീണ്ട് നില്‍ക്കുന്ന സീനില്‍ രണ്‍വിജയ് പറഞ്ഞു പോകുന്നത് കാണാം.
എന്തുകൊണ്ട് ഈ സീനുകളൊന്നും സിനിമയില്‍ കാണിച്ചില്ല? അങ്ങനെ കാണിച്ചാല്‍ അല്ലേ ആ അച്ഛന്‍ കാരണം മകന്‍ അനുഭവിച്ച ട്രോമ കുറച്ചു കൂടെ ശക്തമായി പ്രേക്ഷകരിലേക്ക് എത്തുകയുള്ളു. എന്തുകൊണ്ട് അത് കാണിച്ചില്ല എന്നതിനുള്ള മറുപടിയും എളുപ്പമാണ്.
ആ സീനുകളൊക്കെ കാണിച്ചാല്‍ പിന്നെ നായകന്റെ വയലന്‍സ് കാണിക്കാന്‍ സമയം കിട്ടില്ലല്ലോ. എന്താണ് യഥാര്‍ത്ഥ വയലന്‍സെന്ന് താന്‍ കാണിച്ചു തരുമെന്നല്ലേ സംവിധായകന്‍ പറഞ്ഞിട്ടുള്ളത്. എന്നിട്ടും സിനിമ മൂന്ന് മണിക്കൂറും 21 മിനുട്ടും നീണ്ട് നിന്നു. ഇതൊന്നും പോരാതെ രണ്ടാം ഭാഗവും പ്രതീക്ഷിക്കാം.
സഹോദരി കോളേജില്‍ ബുള്ളിയിങ് ചെയ്യപെടുമ്പോള്‍ അച്ഛനെ വിളിച്ചിട്ട് കിട്ടാത്ത സാഹചര്യത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന രണ്‍വിജയ് തോക്കുമായി സഹോദരിയുടെ കോളേജിലെത്തുന്നുണ്ട്. ഈ സീന്‍ ഉള്‍പ്പെടെ നായകന്റെ വയലന്‍സ് കാണിക്കാന്‍ വേണ്ടി മാത്രമാണ് കൊടുത്തിട്ടുള്ളതെന്ന് പറയേണ്ടി വരും.
ചുരുക്കത്തില്‍ അച്ഛന്‍ കാരണം ട്രോമയിലായ മകന്റെ കഥയെന്ന് പറഞ്ഞ് സന്ദീപ് റെഡ്ഡി വംഗ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത് എന്താണ് യഥാര്‍ത്ഥ വയലന്‍സെന്ന് മാത്രമാണ്. ഇതിലും വലിയ വയലന്‍സാകും അടുത്ത ഭാഗത്തിലെന്ന് പ്രത്യേകം പറയേണ്ടല്ലോ.
Content Highlight: Animal Movie Is Not The Story Of A Traumatized Son, But Real Violence