| Sunday, 1st January 2023, 9:10 am

രണ്‍ബീര്‍ കപൂര്‍ - സന്ദീപ് റെഡ്ഡി വംഗ ചിത്രം 'ആനിമല്‍' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്‍ബീര്‍ കപൂര്‍ – രശ്മിക മന്ദാന എന്നിവര്‍ ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗയുടെ ‘ആനിമല്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡി എന്ന തന്റെ ആദ്യ ചിത്രം കൊണ്ടുതന്നെ ഏറെ ജനപ്രീതി നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. അതേ സിനിമയുടെ തന്നെ റീമേക്കായ കബീര്‍ സിങ്ങിലൂടെയും ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരേസമയം തെലുങ്കിലും ഹിന്ദിയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംവിധായകന്‍ സന്ദീപ് റെഡ്ഡി തന്റെ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രവുമായി എത്തുകയാണ്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമല്‍. രശ്മിക മന്ദാനയാണ് ആനിമലില്‍ നായികയായെത്തുന്നത്. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറില്‍ ഭൂഷണ്‍ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സിനിമയുടെ നിര്‍മാതാക്കള്‍ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ആക്ഷനും ഇമോഷനും പ്രാധാന്യം നല്‍കിയാണ് സന്ദീപ് റെഡ്ഡി വംഗ ആനിമല്‍ ഒരുക്കുന്നത്. മാസ്സ് ലുക്കിലുള്ള രണ്‍ബീറിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണാനാകുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ  രീതിയില്‍ വൈറലായിട്ടുണ്ട്.

രണ്‍ബീറും രശ്മികയും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയില്‍ അനില്‍ കപൂറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2023 ഓഗസ്റ്റ് 11നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.

content highlight: animal movie first look poster

We use cookies to give you the best possible experience. Learn more