ഹൈദരാബാദ്: വെ.എസ്.ആര്‍.സി സര്‍ക്കാരിന്റെ കാലത്ത്, തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. ടി.ഡി.പി വക്താവ് അനം രമണ റെഡ്ഡിയാണ് ഇത് സംബന്ധിച്ച ലാബ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഇതിന് പുറമെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഗുണനിലവാരമില്ലാത്ത ചേരുവകളാണ് നെയ്യില്‍ ഉപയോഗിച്ചിരുന്നതെന്നും ആരോപണമുണ്ട്. ഗുജറാത്തിലെ നാഷണല്‍ ഡെവലെപ്പ്മെന്റ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പ്രസാദമായി ലഭിച്ച ലഡ്ഡുവില്‍ രുചി മാറ്റം അനുഭവപ്പെട്ടതായി സര്‍ക്കാരിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ 23ന് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിക്കൊഴുപ്പ്, പശുക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം നെയ്യില്‍ കണ്ടെത്തിയത്.
ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലിരുന്നപ്പോള്‍ തിരുപ്പതി ലഡ്ഡുവിലെ നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം എന്‍.ഡി.എ ഘടകക്ഷികളോട് പറഞ്ഞതോടെയാണ് ആന്ധ്രയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമാവുന്നത്. എന്നാല്‍ ആരോപണത്തിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ പതിവ് നാടകങ്ങളില്‍ ഒന്ന് മാത്രമാണിതെന്ന് ആരോപിച്ച അവര്‍ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രി ആയിരിക്കുമ്പോഴായിരുന്നു നെയ്യിന്റെ കരാര്‍ സഹകരണ സ്ഥാപകനമായ നന്ദിനിയില്‍ നിന്ന് കരാര്‍ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ക്ഷേത്രത്തിലേക്ക് കാലാകാലങ്ങളായി നെയ് എത്തിച്ചിരുന്ന സഹകരണ സ്ഥാപനമായ നന്ദിനിയെ തഴഞ്ഞ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ടി.ഡി.പി പ്രതിപക്ഷം ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ജഗന്‍ മോഹന്‍ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ടി.ഡി.പി പുറത്തുവിട്ട റിപ്പോര്‍ട്ട് ചന്ദ്രബാബു നായിഡുവിന്റെ കാലത്തുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം നെയ്യിന്റെ ഗുണനിലവാരം കുറഞ്ഞത് ചന്ദ്രബാബു നായിഡുവിനെ അറിയിച്ചിരുന്നതായും വെളിപ്പെടുത്തി.
അതേസമയം ആരോപണത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചിട്ടുണ്ട്.
ആരോപണത്തിന് പിന്നാലെ പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിച്ച് നെയ് വിതരണം ചെയ്ത കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി തിരുമല തിരുപ്പതി ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ നിന്ന് അന്നദാനം നല്‍കുന്ന കാര്യം പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചിട്ടുണ്ട്.
Content Highlight: Animal fat found in Tirupati temple’s laddu ; central seeks report