ഭോപ്പാല്‍: ഗാന്ധിജിയെ അവഹേളിക്കാന്‍ ബി.ജെ.പി വക്താവായിരുന്ന അനില്‍ സൗമിത്ര ഉപയോഗിച്ചത് ഗാന്ധി ഘാതകന്‍ ഗോഡ്‌സെ ഉപയോഗിച്ച അതേ പരാമര്‍ശങ്ങള്‍.
1949 മെയ് അഞ്ചിന് പഞ്ചാബ് ഹൈക്കോടതിക്കു മുമ്പാകെ ഗോഡ്‌സെ സമര്‍പ്പിച്ച പ്രസ്താവനയിലെ പരാമര്‍ശങ്ങളാണ് അനില്‍ സൗമിത്രയും ഗാന്ധിജിയ്‌ക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. ‘എന്തുകൊണ്ട് ഞാന്‍ ഗാന്ധിയെ കൊന്നു’ എന്നു വിശദീകരിക്കുന്നതായിരുന്നു ഗോദ്‌സെയുടെ പ്രസ്താവന.
‘മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, പക്ഷേ പാക്കിസ്ഥാന്റേതാണ്. ‘ എന്നായിരുന്നു അനില്‍ സൗമിത്ര ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു സമാനമായ വാക്കുകള്‍ തന്നെയാണ് ഗോഡ്‌സെയും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചത്.
‘ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ അദ്ദേഹം പിതാവിന്റെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടയാളാണ്. രാജ്യത്തെ വിഭജിക്കാന്‍ അുവദിച്ചുകൊണ്ട് അദ്ദേഹം വഞ്ചനാത്മകമായാണ് പ്രവര്‍ത്തിച്ചത്. ഗാന്ധി അദ്ദേഹത്തിന്റെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ഞാന്‍ ധീരമായി പറയുന്നു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.’ എന്നായിരുന്നു ഗോഡ്‌സെ പറഞ്ഞത്.
ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന അനില്‍ സൗമിത്രയുടെ പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തെ മധ്യപ്രദേശിലെ ബി.ജെ.പി വക്താവ് സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബി.ജെ.പി പുറത്താക്കിയിരുന്നു.