| Tuesday, 5th January 2021, 11:21 am

ലവ് ജിഹാദ് ആരോപണം നേരിട്ടതില്‍ നിന്നുള്ള വ്യക്തിപരമായ എന്റെ ചോദ്യത്തെയാണ് ഇസ്‌ലാമിസ്റ്റ് ചാപ്പകുത്തുന്നത്; താഹ മാടായിക്ക് മറുപടി

മുഹമ്മദ് ഷാഫി

അനില്‍ പനച്ചൂരാന്‍ മരണപ്പെട്ടത് മുതല്‍ 2018ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് അദ്ദേഹത്തിന്റെ ലവ് ജിഹാദ് കവിതയെക്കുറിച്ച് ഞാന്‍ ചോദിച്ച ചോദ്യവും അദ്ദേഹത്തിന്റെ മറുപടിയും പലരീതിയില്‍ ചര്‍ച്ചയാകുന്നതും പ്രചരിക്കുന്നതും കണ്ടു. ആ വിഷയവുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്ന് കരുതുന്നത് കൊണ്ടാണ് ഇതെഴുതുന്നത്.

ഞാന്‍ അനില്‍ പനച്ചൂരാനോട് ആ ചോദ്യം ചോദിച്ചത് ഏതെങ്കിലും മതത്തിന്റേയൊ, സംഘടനയുടേയൊ പ്രതിനിധി ആയിട്ടല്ല. മറിച്ച് തികച്ചും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നായിരുന്നു. ആ സമയത്ത് എന്നെയും എന്റെ ഒരു സ്ത്രീ സുഹൃത്തിന്റെയും പേരില്‍ യാതൊരുവിധ ആധികാരികതയുമില്ലാതെ നേരിടേണ്ടി വന്ന ലവ് ജിഹാദ് ആരോപണങ്ങളുടെ പശ്ചാത്തലമായിരുന്നു അത്തരമൊരു ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിച്ചത്.

അനില്‍ പനച്ചൂരാന്‍

എന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെയും, സംഘപരിവാറിന്റെയും ലവ് ജിഹാദ് ആരോപണങ്ങളെ തുടര്‍ന്ന് രണ്ടുപേരും പ്രതിസന്ധിയിലായ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടാണ് ഞാന്‍ അനില്‍ പനച്ചൂരാനോട് ആ ചോദ്യം ചോദിച്ചത്. ഏതായാലും കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പിന്നീട് പരസ്പരം സംസാരിച്ച് ആ ബന്ധം ഞങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ദീപസ്തംഭവും മഹാശ്ചര്യവും കിട്ടുന്ന പണവും ഞാനടക്കമുള്ള എത്ര പേരുടെ ജീവിതത്തെയാണ് നേരിട്ടും പരോക്ഷമായും ബാധിക്കുന്നതെന്ന് അദ്ദേഹവും അറിയേണ്ടതുണ്ടെന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസില്‍ താഹ മാടായി എഴുതിയ ‘അനില്‍ പനച്ചൂരാന്‍, ഇടതിനും കാവിക്കുമിടയിലെ ഒരു സന്ദേഹി’ എന്ന കുറിപ്പില്‍ എന്റെ ചോദ്യത്തെ കുറിച്ചുള്ള പരാമര്‍ശം തികച്ചും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്.

‘ഡി. സി ബുക്സ് ലിറ്ററേച്ചര്‍ ഫെസ്റ്റ് പോലെ ‘ഇസ്‌ലാമിസ്റ്റ് യൗവ്വന’ ങ്ങളുടെ ചോദ്യങ്ങള്‍ക്കും സംഘബലത്തിനും മേല്‍ക്കൈ കിട്ടുന്ന ഒരു സദസ്സില്‍ അനില്‍ പനച്ചൂരാന്‍ സത്യസന്ധമായ തന്റെ ‘ഹിന്ദു മനസ്സ് ‘വെളിപ്പെടുത്തി.’ എന്നാണ് ആ വേദിയില്‍ ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന ലേഖകന്‍ പറയുന്നത്.

ഞാന്‍ യാദൃശ്ചികമായി അവിടെ എത്തിച്ചേരുകയും, തികച്ചും എന്റെ വ്യക്തിപരമായ അനുഭവത്തിന്റെയും, വായനയുടേയും വെളിച്ചത്തിലുമാണ് ആ ചോദ്യം ഉന്നയിച്ചത്. ഒരു ആള്‍ക്കൂട്ടമോ സംഘബലമോ ചോദ്യം ചോദിക്കുന്ന അവസരത്തിലോ അതിന് മുന്‍പോ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. (സെഷന്റെ ഫുള്‍ വീഡിയോ ഇപ്പോഴും യുട്യൂബില്‍ ഉണ്ടാകും).

താഹ മാടായി

എന്നിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് ലേഖകന്‍ എന്നെ ഇസ്‌ലാമിസ്റ്റ് യൗവ്വനം എന്ന് വിശേഷിപ്പിച്ചതെന്ന് മനസിലായിട്ടില്ല. ഞാന്‍ ഇതുവരെ ഒരു സമുദായ സംഘടനകളിലും അംഗമായിരുന്നിട്ടില്ല. രണ്ട് അനില്‍ പനച്ചൂരാന്‍ തന്റെ ഹിന്ദു മനസ്സ് വെളിപ്പെടുത്തി എന്ന് പറയുന്നതിലൂടെ സംഘപരിവാറിന്റെ വര്‍ഗീയ പ്രൊപ്പഗണ്ടകളെ സാമാന്യ ഹിന്ദു സമൂഹത്തിന്റെ താല്‍പര്യങ്ങളോടാണൊ ലേഖകന്‍ ചേര്‍ത്ത് വായിക്കുന്നത്?

സാധാരണക്കാരായ മുസ്‌ലിം നാമധാരികളെ ഇസ്‌ലാമിസ്റ്റുകളായി ചാപ്പയടിച്ചും, സാധാരണ ഹിന്ദുക്കളെ സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടകളോട് ചേര്‍ത്ത് വെച്ചും ലേഖകന്‍ എന്ത് രാഷ്ട്രീയം ആണ് സ്ഥാപിക്കുന്നത്. എന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് നിരക്കാത്ത രീതിയില്‍ എന്നെ അടയാളപ്പെടുത്തുന്ന ലേഖനം തീര്‍ത്തും പ്രതിലോമകരമാണെന്ന് പറയാതെ വയ്യ.

അതോടൊപ്പം, അനില്‍ പനച്ചൂരാന്‍ കഴിഞ്ഞ ഓഗസ്റ്റ് 14ന് ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തു കൊണ്ട് അവതരിപ്പിച്ച പ്രസംഗത്തിലും എന്നെ പറ്റി പരാമര്‍ശിക്കുന്നത് ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തി. അതില്‍ അദ്ദേഹം പറയുന്നത് ആ വേദിക്ക് പുറത്ത് വെച്ച് എന്നെ കണ്ടു എന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി എന്നുമാണ്.

അത് കളവാണ്. അങ്ങനെ ഒരു സംസാരം എനിക്കും അനില്‍ പനച്ചൂരാനുമിടയില്‍ നടന്നിട്ടില്ല. ഞാന്‍ ആ പരിപാടിയില്‍ അവിചാരിതമായി എത്തിപ്പെട്ടതായിരുന്നു. പിന്നീട് അവിടുന്ന് പോകുകയും ചെയ്തു. അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടും ഇല്ല.
ദയവായി ഇനി ഈ വിഷയത്തില്‍ എന്റെ പേരില്‍ വസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Reply to Thaha Madayi – Muhammed Shafi Writes

മുഹമ്മദ് ഷാഫി

We use cookies to give you the best possible experience. Learn more