കോഴിക്കോട്: വിപ്ലവഗാനങ്ങളെഴുതി കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ കവികള്‍ ഒരുപാടാണ്. സിനിമകളിലും നാടകങ്ങളിലുമായി പുറത്തിറങ്ങിയ ഗാനങ്ങളെ കേരളം നെഞ്ചേറ്റിയിട്ടുമുണ്ട്. എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്കായി കവിതയെഴുതിയെന്നതിന്റെ പേരില്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും അനില്‍ പനച്ചൂരാനും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരുന്നു.
എന്നല്‍ ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കവിതയെഴുത്തെന്നത് തൊഴില്‍മാത്രമാണെന്നുമാണ് കവികളുടെ പ്രതികരണം. തങ്ങളുടെ രാഷട്രീയ നിലപാടുകള്‍ മാറിയിട്ടില്ലെന്നും ഇരുവരും പറയുന്നു.
“വയലാറിന്റെ മകന്‍ ബി.ജെ.പിക്ക് വേണ്ടി പാട്ടെഴുതി എന്നതില്‍ വലിയ കാര്യമൊന്നുമില്ല. പാട്ടെഴുത്ത് എന്റെ തൊഴിലാണ്. ആ ജോലി ചെയ്തു. അതിന് കാശും വാങ്ങി. അതിനപ്പുറം അതിലൊന്നുമില്ല.” വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു. തനിക്ക് പ്രത്യക്ഷരാഷ്ട്രീയം ഇല്ലെന്നും ഉള്ള നിലപാടുകള്‍ മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ജാഥക്കായി താന്‍ പ്രത്യേക ഗാനം രചിച്ചിട്ടില്ലെന്നാണ് അനില്‍ പനച്ചൂരാന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാരികക്ക് വേണ്ടി എഴുതിയ കവിത ബി.ജെ.പി ജനരക്ഷായാത്രക്ക് വേണ്ടി ഉള്‍പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
“ആരെയും പ്രണയം നടിച്ചു വശത്താക്കുന്നതിനോട് യോജിക്കുന്നില്ല. തന്റെ കവിത ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാം. തനിക്ക് ഏതെങ്കിലും പക്ഷത്തോട് യോജിപ്പുണ്ടെങ്കില്‍ അത് ഇടതുപക്ഷമാണ്” അദ്ദേഹം വ്യക്തമാക്കി.
“ലൗ ജിഹാദ്” വിഷയമാക്കിയുള്ള പനച്ചൂരാന്റെ കവിതയാണ് ബി.ജെ.പി യാത്രക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇവരെകൂടായെ പ്രജ്ഞാഭാരതി ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, കേസരി പത്രാധിപര്‍ എന്‍.ആര്‍. മധു എന്നിവരുടേതുള്‍പ്പെടെയുള്ള ഏഴ് ഗാനങ്ങളാണ് കവിത കാസറ്റിലുള്ളത്.