Gold Smuggling
സ്വര്‍ണ്ണക്കടത്ത് കേസ്; ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 25, 11:13 am
Tuesday, 25th August 2020, 4:43 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് നോട്ടീസ്.

ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് ഉടന്‍ സമന്‍സ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് സ്വപ്നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്.

സ്വപ്നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.ജൂലൈ അഞ്ചാം തിയ്യതിയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്.

താന്‍ സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണെന്ന ധാരണയിലാണെന്നാണ് ഇതിന് അനില്‍ നമ്പ്യാര്‍ നല്‍കിയ വിശദീകരണം. യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്.

കസ്റ്റംസ് ബാഗേജില്‍നിന്ന് സ്വര്‍ണം പിടികൂടിയ അന്നുതന്നെ സ്വപ്നയെ ഫോണില്‍ വിളിച്ചിരുന്നെന്നാണ് അനില്‍ തന്നെ പറയുന്നത്. ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്.

അതേദിവസം ഉച്ചയ്ക്കാണ് അനില്‍ ഫോണ്‍ വിളിച്ചതായി പറയുന്നത്.

‘ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ എന്റെ ഫോണില്‍ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണ്ണം വന്നതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്’ എന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anil Nambiar Janam TV Gold Smuggling Swapna Suresh