തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ബലാത്സംഗ അതിക്രമങ്ങളിലും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ അധിക്ഷേപിച്ച് സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍. സേവ് മണിപ്പൂര്‍ എന്ന ഹാഷ് ടാഗിനെ പരിഹസിച്ച് ഷേവ് മണിപ്പൂര്‍ എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിരിക്കുന്ന ഈമോജി സഹിതമായിരുന്നു പോസ്റ്റ്.
ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ന്യൂനപക്ഷങ്ങളെ ബലാത്സംഗം ചെയ്തും ജീവനോടെ തീയിട്ടും കൊല്ലുമ്പോള്‍ ആനന്ദംകൊള്ളുകയാണ് അനില്‍ നമ്പ്യാരെന്നാണ് വിമര്‍ശനം. പിന്നാലെ ഇദ്ദേഹം പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
മറ്റൊരുപോസ്റ്റില്‍ മണിപ്പൂര്‍ വിഷയത്തില്‍ എല്‍.ഡി.എഫ് നടത്തുന്ന സമരപരിപാടിയേയും ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. മണിപ്പൂരിന്റെ പേരില്‍ പണം പിരിക്കാന്‍ വേണ്ടിയാണ് എല്‍.ഡി.എഫ് പരിപാടി നടത്തുന്നതെന്നാണ് ഇയാള്‍ പറയുന്നത്.
‘#SaveManipur എന്നും പറഞ്ഞ് എല്‍.ഡി.എഫ് ഇറങ്ങിയിട്ടുണ്ട്. ഇനിയിതിന്റെ പേരില്‍ കുറെ പിരിക്കാമല്ലോ. മണിപ്പൂരില്‍ മാത്രമല്ല കേരളത്തിലുമുണ്ട് അനുദിനം അപമാനിക്കപ്പെടുന്ന സ്ത്രീകള്‍. ആദ്യം അവരെ രക്ഷിക്ക് വോട്ടിന് വേണ്ടിയുള്ള ഉഡായിപ്പ് മാറ്റിവെച്ച്,’ എന്നാണ് അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ എഴുതിയത്.
അതേസമയം, ‘മണിപ്പൂരിനെ രക്ഷിക്കുക’ എന്ന സന്ദേശമുയര്‍ത്തി 27ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലത്തിലും പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മണിപ്പൂരില്‍ നടക്കുന്ന അക്രമത്തിന്റെ ചെറിയ ഭാഗംമാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണ്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.