സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയെന്ന നിലക്ക്; അനില്‍ നമ്പ്യാര്‍
Gold Smuggling
സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയെന്ന നിലക്ക്; അനില്‍ നമ്പ്യാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2020, 9:38 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത സ്വപ്‌ന സുരേഷിനെ വിളിച്ചവരുടെ ലിസ്റ്റില്‍ ജനം ടി.വി ചീഫ് അനില്‍ നമ്പ്യാരും. ജൂലൈ അഞ്ചാം തിയ്യതിയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്.

താന്‍ സ്വപ്നയെ വിളിച്ചത് കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണെന്ന ധാരണയിലാണെന്നാണ് ഇതിന് അനില്‍ നമ്പ്യാരുടെ വിശദീകരണം. യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് അനില്‍ നമ്പ്യാര്‍ പറയുന്നത്.

കസ്റ്റംസ് ബാഗേജില്‍നിന്ന് സ്വര്‍ണം പിടികൂടിയ അന്നുതന്നെ അനില്‍ സ്വപ്നയെ ഫോണില്‍ വിളിച്ചിരുന്നെന്നാണ് അനില്‍ തന്നെ പറയുന്നത്.ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് അനില്‍ ഫോണ്‍ വിളിച്ചതായി പറയുന്നത്.

‘ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ എന്റെ ഫോണില്‍ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണ്ണം വന്നതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്’ എന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞു.

അനില്‍ നമ്പ്യാരുടെ വിശദീകരണം പൂര്‍ണരൂപം,

എനിക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന്
കാണിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ
തത്പരകക്ഷികള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണില്‍ വിളിച്ച് തിരക്കുന്നുണ്ട്.അതിനാല്‍ വിശദീകരണം നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ എന്റെ ഫോണില്‍ നിന്നും സ്വപ്നയെ വിളിച്ചിരുന്നു.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വര്‍ണ്ണം വന്നതായുള്ള വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്.
ദുബായില്‍ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാന്‍ ചോദിച്ചു.
കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോണ്‍സുല്‍
ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ
സ്വപ്നയെ വിളിച്ചന്വേഷിച്ചത്.മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോണ്‍സുലേറ്റിന്റെ വിശദീകരണം കൂടി ഞാന്‍ ആരാഞ്ഞു.
എന്റെ ചോദ്യങ്ങള്‍ക്ക് വളരെ കൂളായാണ്
സ്വപ്ന മറുപടി നല്‍കിയത്.ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോണ്‍സുല്‍ ജനറല്‍
ദുബായിലാണെന്നും അവര്‍ പറഞ്ഞു.കോണ്‍സുലേറ്റ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനാല്‍ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാന്‍ ചൂണ്ടിക്കാട്ടി.
കോണ്‍സുല്‍ ജനറലിനെ ബന്ധപ്പെട്ട ശേഷം
തിരിച്ചു വിളിക്കാമെന്ന് അവര്‍ എനിക്ക്
ഉറപ്പ് നല്‍കി.കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും
വ്യക്തമാക്കി.ഉടന്‍ തന്നെ ഞാന്‍ വാര്‍ത്ത ഡെസ്‌കില്‍ വിളിച്ച് കൊടുക്കുകയും അത്
സംപ്രേഷണം ചെയ്യുകയുമായിരുന്നു.
ജനം ടിവിയുടെ വാര്‍ത്താ ബുള്ളറ്റിന്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും.

യുഎഇ കോണ്‍സുല്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും
സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു.
മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാന്‍
അവരെ വിളിച്ചത്.

ഒരു മാധ്യമപ്രവര്‍ത്തകന്‍
എന്ന നിലയില്‍ വാര്‍ത്താശേഖരണത്തിന്
എനിക്കാരെയും വിളിക്കാം.ഇനിയും വിളിക്കും.
വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച്
എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.
ഇതെന്റെ ജോലിയാണ്. ഞാന്‍ ഇതുമായി
മുന്നോട്ട് പോകും. തളര്‍ത്താമെന്ന് കരുതേണ്ട.

ഒരു കാര്യം കൂടി പറയട്ടെ.
വാര്‍ത്ത കൊടുത്ത T 21 എന്ന ഓണ്‍ലൈന്‍ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകന്‍ നടത്തുന്നതാണ്.
അതുകൊണ്ട് തന്നെ വാര്‍ത്തയുടെ
പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ