| Thursday, 27th August 2020, 4:33 pm

സ്വര്‍ണ്ണക്കടത്ത് കേസ്; ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ചരമണിക്കൂര്‍, അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ലെന്ന് കസ്റ്റംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ലെന്ന് കസ്റ്റംസ്. അഞ്ച് മണിക്കൂറാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.

ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോണ്‍സുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാന്‍ സ്വപ്നയോട് പറഞ്ഞത് അനില്‍ നമ്പ്യാരാണെന്നും വിവരമുണ്ട്. അതേസമയം വാര്‍ത്ത ശേഖരിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നാണ് അനില്‍ നമ്പ്യാര്‍ നല്‍കുന്ന വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anil Nambiar Customs Gold Smuggling

We use cookies to give you the best possible experience. Learn more