കണ്ണിലെ കരടായതോടെ അനില്‍ കുംബ്ലെയെ പുറത്താക്കി ബി.സി.സി.ഐ പുതിയ പരിശീലകനെ തേടുന്നു; ഭാവി സച്ചിന്റേയും ഗംഗുലിയുടേയും ലക്ഷ്മണിന്റേയും കയ്യില്‍
Daily News
കണ്ണിലെ കരടായതോടെ അനില്‍ കുംബ്ലെയെ പുറത്താക്കി ബി.സി.സി.ഐ പുതിയ പരിശീലകനെ തേടുന്നു; ഭാവി സച്ചിന്റേയും ഗംഗുലിയുടേയും ലക്ഷ്മണിന്റേയും കയ്യില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th May 2017, 6:08 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു. നിലവിലെ കോച്ച് അനില്‍ കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കും. ഇതോടെയാണ് പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ ഇറങ്ങിയത്.

അടുത്തിടെയുണ്ടായ ബി.സി.സി.ഐ – ഐ.സി.സി തര്‍ക്കത്തില്‍ കുംബ്ലെയുടെ പ്രതികരണം ബി.സി.സി.ഐയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും വന്‍ വേതന വര്‍ധന ആവശ്യപ്പെടുകയും ചെയ്തതോടെ അനില്‍ കുംബ്ലെ ബി.സി.സി.ഐയുടെ കണ്ണിലെ കരടായി മാറി. ഇതാണ് കരാര്‍ പുതുക്കാതെ പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്.


Also Read: ‘പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത്’; തന്നെ കള്ളസ്വാമിയെന്ന് വിളിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി


ഈ മാസം 31നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ബിസിസിഐ ഉപദേശകസമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കുംബ്ലെയ്ക്കു വീണ്ടും കോച്ചായി എത്തണമെങ്കില്‍ ഈ നടപടിക്രമങ്ങളെല്ലാം ആവര്‍ത്തിക്കണം. അതേസമയം കുംബ്ലെയെ നിലനിര്‍ത്തണമെന്ന് മൂവര്‍ക്കുമിടയില്‍ അഭിപ്രായമുണ്ടെന്നും വാര്‍ത്തകളുണ്ട്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് ടീം ഇന്ത്യയുടെ പരിശീലകനായി അനില്‍ കുംബ്ലെ ചുമതലയേല്‍ക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ടെസ്റ്റ് പരമ്പര വിജയവും ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ പദവി അരക്കിട്ടുറപ്പിക്കലും കുംബ്ലെയുടെ കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.