ലണ്ടന്‍: ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തു നിന്നും മുന്‍ താരം കൂടിയായ അനില്‍ കുംബ്ലെ രാജിവെച്ചതിനു പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. കഴിഞ്ഞ ആറുമാസമായി കുംബ്ലെയും വിരാടും തമ്മിലുള്ള ബന്ധം വഷളാണെന്നും ഇരുവരും തമ്മില്‍ സംസാരിക്കാറില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.സി.സി.ഐയിലെ പ്രമുഖനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ, കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിലനിര്‍ത്താന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതി പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപാധികളോടെ കുംബ്ലെയെ നിലനിര്‍ത്താനായിരുന്നു സമിതി നിര്‍ദ്ദേശിച്ചിരുന്നത്.
” കുംബ്ലെയെ നിലനിര്‍ത്താന്‍ സമിതി ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലത് ഒരു ഉടമ്പടിയിന്മേലായിരുന്നു. അതായത്, നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതിനു ശേഷം മാത്രം കുംബ്ലെയെ നിലനിര്‍ത്താം എന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം.” എന്ന് മുതിര്‍ന്ന ബി.സി.സി.ഐ അംഗം പി.ടി.ഐയോട് ലണ്ടനില്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞതിനു പിന്നാലെ കോച്ചിനും ക്യാപ്റ്റനും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് മീറ്റിംഗുകളാണ് നടന്നത്. കുംബ്ലെയേയും കോഹ്‌ലിയേയും വേറെ വേറെ കണ്ട ബി.സി.സി.ഐയും ഉപദേശക സമിതിയും പിന്നീട് ഇരുവരേയും ഒരുമിച്ച് പങ്കെടുപ്പിച്ചു കൊണ്ടും അനുരഞ്ജന ചര്‍ച്ച നടത്തുകയായിരുന്നു.
എന്നാല്‍ മീറ്റിംഗില്‍ ഇരുവരും പരസ്പരം സംസാരിക്കാന്‍ തയ്യാറാകാതെ വന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറിലെ ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്ക് ശേഷം ഇരുവര്‍ക്കിടയില്‍ സംസാരമുണ്ടായിട്ടില്ലെന്നും ആറുമാസമായി ടീമിന്റെ നായകനും പരിശീലകനും തമ്മില്‍ സംസാരിക്കുന്നില്ലെന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്താണ് ഇരുവര്‍ക്കുമിടയിലെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അവര്‍ രണ്ടു പേരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെസ്റ്റിന്‍ഡീസിലേക്ക് പോകാന്‍ തയ്യാറെടുക്കവെയാണ് കുംബ്ലെ രാജി പ്രഖ്യാപിക്കുന്നത്. അപ്പോഴേക്കും എല്ലാം തീരുമാനമായിരുന്നുവെന്നും ബി.സി.സി.ഐ അംഗം പറയുന്നു.
അതേസമയം, തന്റെ മേഖലയിലേക്ക് പരിശീലകന്‍ അനാവശ്യമായി കടന്നു ചെല്ലുന്നുവെന്ന് വിരാടിന് തോന്നിയിട്ടുണ്ടാകാമെന്നും പക്ഷെ മുന്‍ നായകന്‍ കൂടിയായ കുംബ്ലെയ്ക്ക് അദ്ദേഹത്തിന്റേതായ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.