| Wednesday, 21st June 2017, 11:55 am

ഒരു കൊല്ലത്തിനിടെ കുംബ്ലെ എന്തെങ്കിലും തെറ്റ് ചെയ്തതായി തനിക്കറിയില്ലെന്ന് ഗവാസ്‌കര്‍; കോഹ്‌ലിയും കൂട്ടരും കുംബ്ലെയെ ഒറ്റിയെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജി വെച്ചതില്‍ പ്രതിഷേധിച്ച് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്ന് ദു:ഖകരമായ ദിനമാണെന്നായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം.

” വിരാടും അനിലും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നതിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും ദു:ഖം നിറഞ്ഞ ദിവസമാണ് ഇന്ന്”. ഗവാസ്‌കര്‍ പറഞ്ഞു.

കുംബ്ലെ സ്ഥാനം ഏറ്റെടുത്തതില്‍ പിന്നെ ഇന്ത്യ എല്ലായിടത്തും ജയിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനിടെ അനില്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ കരുതുന്നില്ല. എല്ലാ ടീമിലും എന്തെങ്കിലുമൊക്കെ പ്രശ്‌നമുണ്ടാകാം പക്ഷെ റിസള്‍ട്ടാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിഹാസതാരത്തിന്റെ പ്രതികരണം.


Also Read: ‘ ഇവന്‍ വാ തുറക്കുന്നത് ആദ്യം വിലക്കണം’; പാകിസ്ഥാനോട് തോറ്റതിന് വിരാട് കോഹ്‌ലിയെ ജയിലിലടക്കണമെന്നാവശ്യപ്പെട്ട കെ.ആര്‍.കെയ്ക്ക് മറുപടിയുമായി പാക് ക്രിക്കറ്റ് ആരാധകര്‍


കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയാണ് കുംബ്ലെയെന്നു പറഞ്ഞ ഗവാസകര്‍ തന്റെ താടിയെല്ലിന് പരിക്കു പറ്റി, ഒടിഞ്ഞ താടിയെല്ല് കെട്ടിവെച്ച് പന്തെറിഞ്ഞ കുംബ്ലെയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. അങ്ങനെയുള്ള ഒരാള്‍ എന്തുകൊണ്ട് ഇതുപോലൊരു ചെറിയ സംഭവത്തോട് പ്രതികരിക്കാതെ, ഫൈറ്റ് ചെയ്യാതെ കീഴടങ്ങിയെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.

രാജിവെയ്ക്കാന്‍ കുംബ്ലെയ്ക്ക് തന്റേതായ കാരണങ്ങളുണ്ടാകാമെന്ന് അഭിപ്രായപ്പെട്ട ഗവാസ്‌കര്‍, ഉപദേഷ്ടക സമിതി കുംബ്ലെയില്‍ വിശ്വാസമര്‍പ്പിച്ചതോടെ രാജിവെക്കാതെ തുടരുന്നതായിരുന്നു ഉചിതമെന്നും വ്യക്തമാക്കി. അതേസമയം, പ്രതിസദ്ധികളെ അദ്ദേഹം തരണം ചെയ്യുമെന്ന് പ്രതീക്ഷിയര്‍പ്പിക്കാനും സണ്ണി മറന്നില്ല.

അതേസമയം, കുംബ്ലെയുടെ രാജി വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എപ്പോഴും നിഴലായി ഒതുങ്ങാനായിരുന്നു കുംബ്ലെയുടെ വിധിയെന്നും ടീം ഇന്ത്യയുടെ ക്യാപ്റ്റനായപ്പോഴും പിന്നീട് പരിശീലകനായപ്പോഴും അത് തന്നെയാണ് സംഭവിച്ചതെന്നും ചില ആരാധകര്‍ നിരീക്ഷിക്കുന്നു. ടീം ഇന്ത്യയോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയ താരമെന്നായിരിക്കും ചരിത്രം കുംബ്ലെയെ രേഖപ്പെടുത്തുകയെന്ന് ചില ആരാധകര്‍ വിലയിരുത്തുന്നു.


Don”t Miss: ‘ എല്ലാത്തിനും നന്ദി, രാജിയിലേക്ക് നയിച്ചത് നായകനുമായുള്ള ‘പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്ത’ ബന്ധം; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെയുടെ തുറന്ന കത്ത്


അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. സ്വാര്‍ത്ഥ താല്‍പര്യത്തിനായി കോഹ്ലിയും കൂട്ടരും അനില്‍ കുംബ്ലെയെ ഒറ്റിയെന്നും കാലം ഇതിന് മാപ്പ് തരില്ലെന്നും ചിലര്‍ പറയുന്നു. ഇന്ത്യയ്ക്ക് ഇത്രയേറെ നേട്ടം സമ്മാനിച്ച ഒരു പരിശീലകനെ ഒഴിവാക്കേണ്ട രീതി ഇതായിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more