ഇംഗ്ലണ്ടിനെതിരായ ആദ്യ ഹോം ടെസ്റ്റില്‍ ഇന്ത്യ 28 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്തിലാണ് ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ചും ബൗളിങ് ഇതിഹാസവുമായ അനില്‍ കുംബ്ലെ പറയുന്നത്. ബൗളിങ്ങില്‍ ആക്രമണ രീതി കൊണ്ടുവരാനുള്ള ആവശ്യകതയെ പറ്റി മുന്‍ താരം ഊന്നി പറഞ്ഞു. ജിയോ സിനിമയുമായി നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘ഒരു നാലാമത്തെ സ്പിന്നറെ ആവശ്യമുണ്ടോ എന്ന് എനിക്ക് പൂര്‍ണമായും ഉറപ്പില്ല. ഒരു ഫാസ്റ്റ് ബൗളറെ മാത്രമേ ആവശ്യമുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ കുല്‍ദീപ് ഉണ്ടെങ്കില്‍ അത് ഗുണം ചെയ്യും. അവന്‍ ബൗളിങ്ങില്‍ വ്യത്യസ്തത കൊണ്ടുവരും. ഹൈദരാബാദില്‍ ഇംഗ്ലണ്ട് ചെയ്തപോലെ സമാനമായ തന്ത്രങ്ങള്‍ ഉണ്ടായേക്കാം,’അദ്ദേഹം പറഞ്ഞു.
കുല്‍ദീപ് യാദവിന്റെ സ്ഥിരതയുള്ള പ്രകടനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ മുന്‍നിര സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്രന്‍ ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ആധിപത്യം കാരണം ചൈനമാന്‍ ബൗളര്‍ക്ക് ടെസ്റ്റില്‍ അവസരങ്ങള്‍ നഷ്ടമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ജഡേജ പരിക്ക് കാരണം മാറി നില്‍ക്കുന്നതോടെ താരത്തിന്റെ സാധ്യതകള്‍ പരിഗണിക്കും. 2022ല്‍ ബംഗ്ലാദേശിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തില്‍ എട്ടു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ വെറും എട്ട് മത്സരങ്ങള്‍ മാത്രം കളിച്ച കുല്‍ദീപ് 21.55 ശരാശരി 34 വിക്കറ്റുകള്‍ ആണ് സ്വന്തമാക്കിയത്. 3.43 എന്ന മികച്ച ഇക്കോണമിയും താരത്തിനുണ്ട്.
Content Highlight: Anil Kumble Talks About Kuldeep Yadav