ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്ത മാസം നടക്കാനിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജെയ്‌സ്വാളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കറില്‍ യശസ്വി തന്റെ ആക്രമണ ശൈലിയിലുള്ള മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കുംബ്ലെ വിശ്വസിക്കുന്നത്.
‘അവന്‍ തുടരുന്ന സമീപനം മാറ്റുമെന്ന് ഞാന്‍ കരുതുന്നില്ല. ആദ്യമായാണ് ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നതെങ്കിലും, മുമ്പത്തെ രണ്ട് റെഡ് ബോള്‍ പരമ്പരകള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസം അവനുണ്ട്.
ഓസ്ട്രേലിയയില്‍ വിജയിക്കാനുള്ള സാങ്കേതികതയും ആവേശവും അവനുണ്ട്. വ്യത്യസ്തമായ സമീപനത്തോടെയാണ് ജെയ്‌സ്വാള്‍ ബംഗ്ലാദേശിനെതിരെ ബാറ്റ് ചെയ്തത്. സാഹചര്യങ്ങള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ചെന്നൈ ടെസ്റ്റില്‍ യശസ്വി ജാഗ്രത പുലര്‍ത്തിയിരുന്നു, എന്നാല്‍ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി തുടങ്ങിയപ്പോള്‍ അവന്‍ ആക്രമണം നടത്തി.
ഓസീസ് ബൗളര്‍മാരെ നേരിടാനുള്ള കരുത്ത് അവനുണ്ട്. സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നമ്മള്‍ കാണുന്നതുപോലെ സീം ചലനം ഇവിടെ ഉണ്ടാകില്ല. ഓസ്ട്രേലിയയില്‍ പിച്ചുകള്‍ക്ക് ബൗണ്‍സും ക്യാരിയുമാണ് ഉള്ളത്,’ അനില്‍ കുംബ്ലെ പറഞ്ഞു.
ടെസ്റ്റില്‍ 11 മത്സരത്തിലെ 20 ഇന്നിങ്‌സില്‍ നിന്ന് 1217 റണ്‍സാണ് താരം നേടിയത്. അതില്‍ 214 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും യശസ്വി സ്വന്തമാക്കിയിട്ടുണ്ട്. 64.05 എന്ന തകര്‍പ്പന്‍ ആവറേജും 71.67 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമടക്കമാണ് ജെയ്‌സ്വാള്‍ റെഡ് ബോളില്‍ താണ്ഡവമാടിയത്.
Content Highlight: Anil Kumble Talking About Yashasvi Jaiswal