| Tuesday, 11th June 2024, 10:24 am

അവന്‍ ഇന്ത്യയ്ക്ക് ടി-20 ലോകകപ്പ് നേടിക്കൊടുക്കും: അനില്‍ കുംബ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ ഒമ്പതിന് നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബംറയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്.

ഇതോടെ ഇന്ത്യ ഈ ടി-20 ലോകകപ്പ് സ്വന്തമാക്കുകയാണെങ്കില്‍ അതില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ വഹിക്കുന്ന പങ്ക് വലുതായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെ. ബുംറയാണ് ടീമിലെ നമ്പര്‍ വണ്‍ താരമെന്നും അദ്ദേഹം ടീമില്‍ സൃഷ്ടിക്കുന്ന ശക്തിയും ആത്മവിശ്വാസവും വളരെ വലുതാണെന്നും കുംബ്ലെ നീരീക്ഷിച്ചു.

‘പിച്ചൊന്നും ഒരു പ്രശ്‌നവുമില്ല, ഏതു പിച്ചായാലും ജസ്പ്രീത് ബുംറ അവിടെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. അദ്ദേഹത്തിന്റെ കരിയറിലുടനീളം നമ്മള്‍ അത് കാണ്ടതാണ്. ഇതൊരിക്കലും എളുപ്പമുള്ള കാര്യമല്ല, ബുംറയ്ക്കു മുന്നിലെത്തുന്ന ഏതൊരു ബാറ്റര്‍ക്കും അത് കടുപ്പമായിരിക്കുമെന്നറിയാം. ഇതു പോലെയുള്ള (ന്യൂയോര്‍ക്ക്) പിച്ചില്‍ അദ്ദേഹം സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കും, മാത്രമല്ല ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കാനും അവന്‍ പ്രാപ്തനാണ്,’ കുംബ്ലെ നിരീക്ഷിച്ചു.

ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച് എ ഗ്രൂപ്പില്‍ നാല് പോയിന്റും +1.455 നെറ്റ് റണ്‍റേറ്റുമായി ഒന്നാമത്. ജൂണ്‍ 12 ന് അമേരിക്കയാണ് ഇന്ത്യയുടെ അടുത്ത എതിരാളി.

Content Highlight: Anil Kumble Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more