| Tuesday, 30th May 2023, 8:00 pm

പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടണം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി അനില്‍ കുംബ്ലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ. മെയ് 28ന് ഗുസ്തി താരങ്ങള്‍ക്ക് മര്‍ദനമേറ്റ വിവരം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശരിയായ ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കാന്‍ സാധിക്കുമെന്നും എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മെയ് 28ന് ഗുസ്തി താരങ്ങള്‍ക്ക് മര്‍ദനമേറ്റ വിവരം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ശരിയായ ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കാന്‍ സാധിക്കും. എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ഒരു പരിഗണനയും നല്‍കാതെ എന്തിനാണ് നമ്മുടെ താരങ്ങളെ ഇങ്ങനെ വലിച്ചിഴക്കുന്നതെന്നും ആരോടും പെരുമാറേണ്ട രീതിയല്ലിതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പരിഗണനയും നല്‍കാതെ എന്തിനാണ് നമ്മുടെ താരങ്ങളെ ഇങ്ങനെ വലിച്ചിഴക്കുന്നത്? ആരോടും പെരുമാറേണ്ട രീതിയല്ലിത്. എങ്ങനെയാണോ ഈ മുഴുവന്‍ സാഹചര്യത്തെയും വിലയിരുത്തേണ്ടത്. അതേ രീതിയില്‍ തന്നെ വിലയിരുത്തപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനായി ഗുസ്തി താരങ്ങളെ കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിച്ചു. രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷക നേതാക്കള്‍ താരങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ഗുസ്തി സമരങ്ങള്‍ക്ക് കര്‍ഷകരുടെ പിന്തുണയര്‍പ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളുണ്ടെന്ന ഉറപ്പുനല്‍കിയാണ് കര്‍ഷക നേതാക്കള്‍ താരങ്ങളെ അനുനയിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരിന് അഞ്ച് ദിവസത്തെ സമയം കൂടി നല്‍കുമെന്നും അതിനുള്ളില്‍ ബ്രിജ് ഭൂഷണെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ശക്തമായ സമരം ആരംഭിക്കുമെന്നും കര്‍ഷക നേതാക്കള്‍ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

മെഡലുകള്‍ ഒഴുക്കിയ ശേഷം മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം നടത്തുമെന്നാണ് താരങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ നേരത്തെ അറിയിച്ചിരുന്നത്.

മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ സമരം ചെയ്യുകയാണ്.

CONTENTHIGHLIGHT: Anil kumble support protesting wrestlers

We use cookies to give you the best possible experience. Learn more