| Tuesday, 20th June 2017, 7:49 pm

'വിവാദങ്ങള്‍ക്ക് വിരാമമിട്ട് കുംബ്ലെ പടിയിറങ്ങി'; ദേശീയ ടീം പരിശീലക സ്ഥാനം കുംബ്ലെ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നു അനില്‍ കുംബ്ലെ രാജിവെച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ അനില്‍ കുംബ്ലെ പരീശിലക സ്ഥാനം രാജിവെച്ചത്. ബി.സി.സി.ഐക്ക രാജികത്ത കൈമാറിയതായും വിന്‍ഡീസ് പര്യടനത്തില്‍ പങ്കെടുക്കില്ലെന്നും കുംബ്ലെ വ്യക്തമാക്കി.

കളിക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ബി.സി.സി.ഐയുമായുള്ള കുംബ്ലെയുമായുള്ള കരാര്‍ അവസാനിക്കുന്ന ദിവസംകൂടിയാണ്. നേരത്തെ കുംബ്ലെ വിന്‍ഡീസ് പര്യടനത്തിലും തുടരുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കരാര്‍ കാലാവധി നീട്ടാതെയാണ് കുംബ്ലെയുടെ നടപടി. കാലവധി അവസാനിക്കാനിരിക്കെയായിരുന്നു പരിശീലകനും താരങ്ങളും തമ്മില്‍ തര്‍ക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. നായകന്‍ കോഹ്‌ലിയുമായി കുബ്ലെ സ്വരചേര്‍ച്ചയിലല്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ടീമിലെ പത്തോളം താരങ്ങളും പരിശീലകനെതിരെ സംസാരിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.

എന്നാല്‍ ടീമിനെ നേട്ടങ്ങളിലേക്ക് നയിച്ച പരിശീലകനെ നിലനിര്‍ത്താനായിരുന്നു ഉപദേശക സമിതിയഗങ്ങളുടെ തീരുമാനം. നേരത്തെ കുംബ്ലെയ്ക്ക് പകരം മുന്‍ ഇന്ത്യന്‍ താരം രവിശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിയമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നില്ല.

ഇതോടെയാണ് ക്രിക്കറ്റ് ഉപദേശക സമിതി യോഗം ചേര്‍ന്ന് കുംബ്ലെ തന്നെ സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന തീരുമാനത്തിലെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more