മുംബൈ: ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ രാജിവെച്ചു. 2013 മുതല്‍ മുംബൈ ഫ്രാഞ്ചൈസിയുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു കുംബ്ലെ.
കായികരംഗത്തും ക്രിക്കറ്റിലുമുള്ള മറ്റ് അവസരങ്ങളുമായി മുന്നോട്ടുപോകുന്നതിനായാണ് കുംബ്ലെ ഈ തീരുമാനമെടുത്തത്. അഭിപ്രായ ഭിന്നത വിഷയത്തില്‍ ബി.സി.സി.ഐ കര്‍ശന നിലപാടുകള്‍ കൈക്കൊണ്ടതിനു പിന്നാലെയാണ് കുംബ്ലെയുടെ ഈ തീരുമാനം വന്നിരിക്കുന്നത്.
ഈ മാസം ആദ്യം ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രിയെ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലില്‍ നിന്നുമാറ്റിയിരുന്നു. ഇതേ സമയത്തു തന്നെ ബി.സി.സി.ഐ സാങ്കേതിക കമ്മിറ്റി ചീഫ് സ്ഥാനത്തുനിന്നും കുംബ്ലെയെ മാറ്റി സൗരവ് ഗാംഗുലിയെ നിയമിക്കുകയും ചെയ്തിരുന്നു.
ഉപദേശക സ്ഥാനം ഒഴിയുന്ന കുംബ്ലെയുടെ സംഭാവനകള്‍ക്ക് മുംബൈ ഇന്ത്യന്‍സ് ടീം നന്ദി അറിയിച്ചു. “ടെസ്റ്റിലും ഏകദിനത്തിനും ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യന്‍ താരമായ കുംബ്ലെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് അനില്‍ കുംബ്ലെയോട് നന്ദിയുള്ളവരായിരിക്കും.” ടീം പ്രസ്താവനയില്‍ അറിയിച്ചു.
തികഞ്ഞ സംതൃപ്തിയോടെയാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് കുംബ്ലെ പറഞ്ഞു. മൂന്നുവര്‍ഷത്തിനിടെ മുംബൈ ഇന്ത്യന്‍സിന് രണ്ടു തവണ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാനും ഒരു തവണ ചാമ്പ്യന്‍സ് ലീഗ് നേടാനും കഴിഞ്ഞു. 2013ല്‍ ചാമ്പ്യന്‍സ് ലീഗും ഐ.പി.എല്‍ കിരീടവും നേടിയത് മികച്ച നേട്ടമാണെന്നും അദ്ദേഹം സ്മരിച്ചു.