' എല്ലാത്തിനും നന്ദി, രാജിയിലേക്ക് നയിച്ചത് നായകനുമായുള്ള 'പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്ത' ബന്ധം; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെയുടെ തുറന്ന കത്ത്
DSport
' എല്ലാത്തിനും നന്ദി, രാജിയിലേക്ക് നയിച്ചത് നായകനുമായുള്ള 'പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്ത' ബന്ധം; രാജിയ്ക്കു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കുംബ്ലെയുടെ തുറന്ന കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2017, 8:58 am

മുംബൈ: ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ. തന്റെ വികാരനിര്‍ഭരമായ കത്തിലൂടെയാണ് കുംബ്ലെ രാജിയിലേക്ക് നയിച്ച കാരണം വ്യക്തമാക്കിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള ” പറഞ്ഞ് മനസിലാക്കാന്‍” സാധിക്കാത്ത ബന്ധമാണ് തന്റെ രാജിയിലേക്ക് നയിച്ചതെന്ന് കുംബ്ലെ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജി നല്‍കിയതിനു തൊട്ടു പിന്നാലെ തന്നെയായിരുന്നു കുംബ്ലെയുടെ ട്വീറ്റും. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേഷ്ടക സമിതി തന്നോട് പരിശീലക സ്ഥാനത്തു തുടരാന്‍ ആവശ്യപ്പെട്ടത് തനിക്കുള്ള ബഹുമതിയാണെന്നും കുംബ്ലെ കത്തില്‍ പറയുന്നു. അതേസമയം, നായകന് തന്റെ പരിശീലന മുറകളില്‍ അതൃപ്തിയുണ്ടെന്ന് അറിഞ്ഞത് തിങ്കളാഴ്ച്ച മാത്രമാണെന്നും ഇതിഹാസതാരം വ്യക്തമാക്കുന്നു.

ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധത്തേയും അതിരുകളേയും താന്‍ ബഹുമാനിക്കുകയും കൃത്യമായി പാലിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ തന്റെ രീതിയ്‌ക്കെതിരെ ആരോപണമുയര്‍ന്നെന്ന് കേട്ടപ്പോള്‍ അമ്പരന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘ഇന്ത്യയുടെ ശവക്കുഴി തോണ്ടിയത് കോഹ്‌ലി’; ഇന്ത്യന്‍ നായകനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇതിഹാസം


നായകനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നെങ്കിലും ഇവിടെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“പ്രൊഫഷണലിസം, ഡിസിപ്ലിന്‍, കമ്മിറ്റ്‌മെന്റ്, ആത്മാര്‍ത്ഥ, കഴിവ് തുടങ്ങിയ ഗുണഗണങ്ങളാണ് താരങ്ങള്‍ക്ക് ആവശ്യം. ഒരു കോച്ചെന്ന നിലയില്‍ കണ്ണാടിയാകാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഗുണങ്ങളാണ് താരങ്ങള്‍ക്കും കോച്ചിനും ഇടയില്‍ വേണ്ടതെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.