| Saturday, 22nd October 2022, 11:49 pm

അവന്‍ കഴിവിന്റെ പരാമവധി കളിച്ചുകാണിച്ചു, എന്നാലും ആ ഒരൊറ്റ കാരണം കൊണ്ട് ഷമിയെ ഇന്ത്യ ലോകകപ്പില്‍ ഇറക്കില്ല; കുംബ്ലെയുടെ കണക്കുകൂട്ടലില്‍ ചങ്കിടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനിറങ്ങാന്‍ പോകുന്ന ടീമിനെ കുറിച്ച് ഇന്ത്യയുടെ ബൗളിങ് ഇതിഹാസം അനില്‍ കുംബ്ലെ നടത്തിയ പ്രതികരണം ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 23ന് പാകിസ്ഥാനുമായാണ് സൂപ്പര്‍ 12ലെ ഇന്ത്യയുടെ ആദ്യ മാച്ച്.

ഈ മാച്ചടക്കം ലോകകപ്പിലെ മത്സരങ്ങളില്‍ ഷമിയുണ്ടാകില്ലെന്നാണ് കുംബ്ലെ പറയുന്നത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും ബൗളിങ് ലൈനില്‍ ഉണ്ടാവുകയെന്നാണ് കുംബ്ലെയുടെ അഭിപ്രായം.

‘മിഡില്‍ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഹര്‍ഷല്‍ പട്ടേലിനെ തന്നെയായിരിക്കും ഇന്ത്യ ഇറക്കുന്നത്. ഓസ്‌ട്രേലിയയുമായി നടന്ന സന്നാഹമത്സരത്തില്‍ ഷമി വന്ന് തന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ചെയ്തു എന്നത് ശരിയാണ്.

ഷമിയും ഭുവിയും കളിക്കുന്നത് പരിശോധിച്ചാല്‍ നിങ്ങള്‍ക്കൊരു കാര്യം മനസിലാകും, രണ്ട് പേര്‍ക്കും ആദ്യ ആറ് ഓവറുകളില്‍ അവസരം നല്‍കേണ്ടി വരും. എന്നാലേ എതിര്‍ ടീമിനെ തുടക്കത്തിലേ പിടിച്ചുകെട്ടാനാകൂ.

അര്‍ഷ്ദീപിനെ ഡെത്ത് ഓവറുകളിലേക്ക് ഉപയോഗിക്കാം. അങ്ങനെയായാല്‍ ഇന്ത്യയുടെ ബാറ്റിങ് നമ്പര്‍ ഏഴില്‍ നിര്‍ത്തേണ്ടി വരും. അക്‌സറും അശ്വിനും കളിക്കുന്നുണ്ടെങ്കില്‍ അവരായിരിക്കും ഏഴും എട്ടും സ്ഥാനത്ത് എത്തുക. പക്ഷെ ഹര്‍ഷലാണ് ശരിക്കും ബാറ്റിങ്ങില്‍ കുറച്ചു കൂടെ ഗുണകരമാകുക.

അങ്ങനെ നോക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ഭുവി, അര്‍ഷ്ദീപ് എന്ന ത്രയവുമായിട്ടാകും ഇന്ത്യ ഇറങ്ങുന്നത്. ഷമിക്ക് ഇറങ്ങണമെങ്കില്‍ ഇപ്പറഞ്ഞ റോളുകില്‍ മാറ്റം വരുത്തേണ്ടി വരും. അക്കാരണം കൊണ്ട് ഷമിക്ക് ഈ ലോകകപ്പ് മിസാകും,’ കുംബ്ലെ പറഞ്ഞു.

മുഹമ്മദ് ഷമി ഇലവനില്‍ ഉണ്ടാകില്ലെന്ന വാക്കുകള്‍ ആരാധകര്‍ക്ക് ചെറുതല്ലാത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാതിരുന്ന ഷമി ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് ടീമിലെത്തുന്നത്.

എന്നാല്‍ ഓസ്‌ട്രേലിയയുമായി നടന്ന സന്നാഹമത്സരത്തില്‍ അതിഗംഭീരമായ പ്രകടനമായിരുന്നു താരം നടത്തിയത്. തോല്‍വിയുടെ വക്കിലായിരുന്ന ഇന്ത്യന്‍ ടീമിനെ, അവസാന ഓവറില്‍ മൂന്ന് വിക്കറ്റും ഒരു റണൗട്ടിനുള്ള അവസരവും നല്‍കിയായിരുന്നു, ഷമി കരകയറ്റിയത്.

സ്റ്റാര്‍ പേസറായിരുന്ന ബുംറയുടെ കുറവ് നികത്തുക മാത്രമല്ല ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ കുന്തമുനയാകും താരമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കുംബ്ലെയുടെ വാക്കുകള്‍ കേട്ടതോടെ വീണ്ടും നിരാശയിലായിരിക്കുകയാണ് ഇവര്‍.

ഏഷ്യാ കപ്പിലും അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലും സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു ഇന്ത്യയുടെ ബൗളര്‍മാര്‍ നടത്തിയത്. പലപ്പോഴും റണ്ണൊഴുക്കി നല്‍കിയും വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയാതെയും എല്ലാവരും പതറിപ്പോകുന്ന കാഴ്ചയും കണ്ടിരുന്നു. ഷമി ഇല്ലാതായാല്‍ ലോകകപ്പിലും ഇത് തന്നെ ആവര്‍ത്തിച്ചേക്കുമെന്ന ഭയമാണ് ചില ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ മുന്നോട്ടുവെക്കുന്നത്.

Content Highlight: Anil Kumble says Mohammed Shami will not play in T20 World Cup

Latest Stories

We use cookies to give you the best possible experience. Learn more