ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാല് ടി-20കളുടെ പരമ്പരയ്ക്കായാണ് സൂര്യകുമാര്‍ യാദവും സംഘവും പ്രോട്ടിയാസിന്റെ തട്ടകത്തിലെത്തുന്നത്.
പരമ്പരയില്‍ സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിക്ക് പിന്നാലെയാണ് സഞ്ജു ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.
പരമ്പരക്ക് മുന്നോടിയായി സഞ്ജുവിനെ കുറിച്ചും താരത്തിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അനില്‍ കുംബ്ലെ. ടോപ് ഓര്‍ഡറില്‍ കളത്തിലിറങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നും സ്ഥിരത പുലര്‍ത്താന്‍ താരത്തിന് സാധിക്കണമെന്നും കുംബ്ലെ പറഞ്ഞു. ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഞ്ജുവിനെ സ്ഥിരമായി ടീമിന്റെ ഭാഗമാക്കുന്നതിനെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ആ സെഞ്ച്വറി അവന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കും. അവന് സ്ഥിരത അല്‍പം കുറവാണ്, ഇതിനെ കുറിച്ച് സെലക്ടര്‍മാര്‍ക്ക് വ്യക്തമായി തന്നെ അറിയുമെന്നാണ് ഞാന്‍ കരുതുന്നത്.
ടോപ് ഓര്‍ഡറില്‍, അതായത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ അവന് അവസരം നല്‍കുകയാണെങ്കില്‍ ടീമിന് മുതല്‍ക്കൂട്ടാകാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ കുംബ്ലെ പറഞ്ഞു.
ബംഗ്ലാദേശിനെതിരെ പുറത്തെടുത്ത മികച്ച പ്രകടനം സഞ്ജു സൗത്ത് ആഫ്രിക്കക്കെതിരെയും പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇതിന് മുമ്പ് 2023 ഡിസംബറിലാണ് സഞ്ജു സൗത്ത് ആഫ്രിക്കന്‍ സാഹചര്യത്തില്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ താരം സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
ഈ പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ടി-20യില്‍ 7,000 റണ്‍സ് മാര്‍ക് എന്ന കരിയര്‍ മൈല്‍സ്റ്റോണിലേക്കാണ് സഞ്ജു കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും 59 റണ്‍സും.