| Saturday, 6th May 2017, 1:59 pm

ചാമ്പ്യന്‍സ് ട്രോഫി: ടീം ഇന്ത്യയുടെ ഭാവി കയ്യാലപ്പുറത്താകുമ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങയാകുമോ അനില്‍ കുംബ്ലെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ഐ.സി.സിയും ബി.സി.സിയും തമ്മിലുള്ള തര്‍ക്കം ചൂടുപിടിക്കുമ്പോള്‍ വെട്ടിലാകുന്നത് ഇന്ത്യന്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെയാകും. ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീം പ്രഖ്യാപിക്കുന്നത് വൈകുന്നതിനെതിരെ കുംബ്ലെ നടത്തിയ പരാമര്‍ശമാണ് ബി.സി.സി.ഐയിലെ ഒരു വിഭാഗത്തിന്റെ വെറുപ്പ് പിടിച്ചു പറ്റിയത്.

എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ടീം പ്രഖ്യാപിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 25 ആയിരുന്നു. എന്നാല്‍ ബി.സി.സി.ഐയും ഐ.സി.സി യുമായി വരുമാനം പങ്ക് വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ടീം പ്രഖ്യാപനത്തെ വൈകിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ല രംഗത്ത് വന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീം കാത്തിരിക്കുകയാണെന്നായിരുന്നു കുംബ്ലെയുടെ പ്രതികരണം. ഇതോടെ ബി.സി.സി.ഐയിലെ ഒരു വിഭാഗം കുംബ്ലെയ്‌ക്കെതിരെ തിരിയുകയായിരുന്നു. ഇത് കുംബ്ലെയുടെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നും ബി.സി.സി.ഐയുടെ മുതിര്‍ന്ന അംഗം എച്ച്.ടി പരസ്യമായി പ്രതികരിക്കുകയും ചെയ്തു.

കുംബ്ലെയ്ക്കു പിന്നാലെ ഇന്ത്യയുടെ പ്രാധിനിത്യം ഉറപ്പ് വരുത്തണമെന്ന് ഇതിഹാസ താരങ്ങളായ സച്ചിനും ദ്രാവിഡും അഭിപ്രായപ്പെടുകയും ചെയ്തു. ടീമിനെ പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും വൈകിയാല്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും ബി.സി.സി.ഐ യിലെ മറുവിഭാഗം അംഗങ്ങള്‍ പറഞ്ഞതോടെ ബി.സി.സി.ഐയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരികയായിരുന്നു.

ഞായറാഴ്ച്ച നടക്കാനിരിക്കുന്ന പ്രത്യേക ജനറല്‍ ബോഡിയിലായിരിക്കും ടീം ഇന്ത്യയുടെ ഭാവിയെകുറിച്ച് വ്യക്തമായ ധാരണ ലഭിക്കുക. ബി.സി.സി.ഐ ഇരുചേരികളായതോടെ യോഗം ചൂടേറുമെന്നാണ് കരുതുന്നത്. ജൂണ്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പിന്മാറുന്നത് ശരിയല്ലെന്ന് പലര്‍ക്കും അഭിപ്രായമുണ്ടുതാനും.


Also Read: ഈ ബുദ്ധി മുഖ്യമന്ത്രിക്ക് ഉപദേശിച്ചുകൊടുത്ത ഉപദ്ദേശിയോടാണു നികുതിദായകര്‍ കടപ്പെട്ടിരിക്കുന്നത്; കേസു നടത്താന്‍ ചെലവായത് എത്രയെന്നു പറഞ്ഞാല്‍ ആവുന്ന സംഭാവന നല്‍കാമെന്നും ജോയ് മാത്യു


ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും പ്രത്യേക സാഹചര്യം മാനിച്ച് ഇന്ത്യയ്ക്ക് ഇനിയും ടീമിനെ പ്രഖ്യാപിക്കാവുന്നതാണ്. അതേസമയം ഐ.പി.എല്ലില്‍ നിതീഷ് റാണ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, സിദ്ധാര്‍ത്ഥ് കൗള്‍, തുടങ്ങിയ യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ടീം സെലക്ഷന്‍ ഏറെ ബുദ്ധിമുട്ടേറിയതായിരിക്കും.

We use cookies to give you the best possible experience. Learn more