| Wednesday, 16th October 2024, 3:54 pm

രോഹിത് ടീമിലില്ലെങ്കില്‍ ഗില്ലിനൊരിക്കലും ആ സ്ഥാനം നല്‍കരുത്; തുറന്നടിച്ച് അനില്‍ കുംബ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

നവംബര്‍ 22ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഏറ്റവും പുതിയ എഡിഷന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നായ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന് ഇത്തവണ കങ്കാരുക്കളാണ് ആതിഥേയരാകുന്നത്.

പരമ്പരയിലെ ആദ്യ മത്സരം രോഹിത് ശര്‍മയ്ക്ക് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ ആദ്യ മത്സരത്തിനുണ്ടാകില്ലെന്ന് രോഹിത് അപെക്‌സ് ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

രോഹിത് ശര്‍മ ടീമിന്റെ ഭാഗമല്ലെങ്കില്‍ ശുഭ്മന്‍ ഗില്ലിനെ ഒരിക്കലും ഓപ്പണിങ്ങില്‍ കളിപ്പിക്കരുതെന്ന് അഭിപ്രായപ്പെടുകയാണ് ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഗില്ലിനെ മൂന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പകരം കെ.എല്‍,. രാഹുലിനെയാണ് ഓപ്പണിങ്ങില്‍ കളിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടെസ്റ്റ് മത്സരം മഴമൂലം തടസ്സപ്പെട്ട സാഹചര്യത്തില്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

‘അവന്‍ (ശുഭ്മന്‍ ഗില്‍) വളരെ കഴിവുറ്റ താരമാണെന്ന് നമുക്കറിയാവുന്നതാണ്. പലപ്പോഴായി അവനത് തെളിയിച്ചതുമാണ്. മുമ്പും അവന്‍ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ കളിച്ചിട്ടുണ്ട്. നിങ്ങള്‍ സൂചിപ്പിച്ചതുപോലെ ബ്രിസ്‌ബെയ്‌നില്‍ അവനൊരു തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. അതൊരിക്കലും മാറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.

ആദ്യ ടെസ്റ്റില്‍ രോഹിത് ടീമിനൊപ്പമില്ലെങ്കില്‍ ഗില്ലിനെ ഓപ്പണറാക്കാനുള്ള സാധ്യതകളുണ്ട്. പക്ഷേ കെ.എല്‍. രാഹുല്‍ ടീമിനൊപ്പമുള്ളത് നമ്മള്‍ മറന്നുകൂടാ. ടീമോ സാഹചര്യങ്ങളോ എന്താണോ ആവശ്യപ്പെടുന്നത് അത് കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കുന്നവനാണ് രാഹുല്‍.

മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്ത് ക്രീസില്‍ നിലയുറപ്പിക്കാനോ, വിക്കറ്റ് സംരക്ഷിച്ച് കളിക്കാനോ ആകട്ടെ, നേരത്തെ രാഹുല്‍ ദ്രാവിഡ് അത് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രാഹുലും അത് തന്നെയാണ് ചെയ്യുന്നത്,’ കുംബ്ലെ പറഞ്ഞു.

നവംബര്‍ 22നാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ഇത്തവണ ബി.ജി.ടി നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി കളിക്കുന്നത്.

2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.

ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

Content highlight: Anil Kumble about Shubman Gill

We use cookies to give you the best possible experience. Learn more