തിരുവന്തപുരം: ദേശീയ തലത്തിലും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി. അനില്‍കുമാര്‍. പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും കെ.പി. അനില്‍കുമാര്‍ പറഞ്ഞു.
ദേശീയ തലത്തില്‍ നരേന്ദ്ര മോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയല്ലാതെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കേവലം കാഴ്ചക്കാരുടെ റോളിലാണ് കോണ്‍ഗ്രസ് എന്ന കാര്യത്തില്‍ സഹതപിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒരു പ്രതീക്ഷയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്കെതിരെ സമരം ചെയ്യാന്‍ കെല്‍പ്പില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില കുതിച്ചുയരുമ്പോഴും ഗ്യാസ് വില ഉയരുമ്പോഴും ഒരിടത്തും കോണ്‍ഗ്രസിന്റെ സമരം നടക്കുന്നില്ലെന്നും പിന്നെ ഏത് രീതിയിലുള്ള ജനപക്ഷ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അനില്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനിയും പാര്‍ട്ടിയില്‍ തുടരില്ലെന്നും കെ.പി. അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാലാം ക്ലാസില്‍ തുടങ്ങിയതാണ് തന്റെ കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും പാര്‍ട്ടി തന്നില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചു. അഞ്ച് വര്‍ഷം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടും സീറ്റ് നല്‍കിയില്ല. അന്ന് താന്‍ യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയില്ല.
മതതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ഇനിയുള്ള കാലംസി.പി.ഐ.എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും കെ.പി. അനില്‍ കുമാര്‍ പറഞ്ഞു.