| Tuesday, 14th September 2021, 11:59 am

അനില്‍കുമാറിന്റെത് ഗുരുതരമായ അച്ചടക്ക ലംഘനം; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു; കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി. അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അനില്‍കുമാര്‍ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും സുധാകരന്‍ പറഞ്ഞു.

ഡി.സി.സി പുനസംഘടനയില്‍ പുതിയ പ്രസിഡന്റുമാരെ അധിക്ഷേപിക്കുന്ന തരത്തിലാണ് അനില്‍ കുമാര്‍ സംസാരിച്ചത്. സാധാരണ പ്രവര്‍ത്തകരായിരുന്നു പരാമര്‍ശം നടത്തിയതെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാല്‍ ഉന്നത സ്ഥാനത്ത് ഇരുന്ന അനില്‍കുമാര്‍ ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയത്.

നിരുത്തരവാദപരമായ നിലപാട് ആയിരുന്നു അദ്ദേഹത്തിന്റെത്. നേരത്തെ തന്നെ അനില്‍കുമാറിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തിരുന്നു. മാധ്യമങ്ങളോട് പറയാന്‍ വേണ്ടി ഇരുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

അനില്‍കുമാറിനെതിരായ നടപടി പുനരാലോചിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്നും കെ.പി. അനില്‍ കുമാര്‍ രാജി പ്രഖ്യാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനിയും പാര്‍ട്ടിയില്‍ തുടരില്ലെന്നും കെ.പി. അനില്‍ കുമാര്‍ പറഞ്ഞു

നാലാം ക്ലാസില്‍ തുടങ്ങിയതാണ് തന്റെ കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും പാര്‍ട്ടി തന്നില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചു. അഞ്ച് വര്‍ഷം മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടും സീറ്റ് നല്‍കിയില്ല. അന്ന് താന്‍ യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയില്ല.

നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോഴും ബഹളമുണ്ടാക്കിയിരുന്നില്ല. അച്ചടക്കലംഘനം നടത്തിയില്ലെന്ന് കാണിച്ച് നല്‍കിയ വിശദീകരണത്തിന് കോണ്‍ഗ്രസില്‍ നിന്നും മറുപടി ലഭിച്ചില്ലെന്നും അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Anil Kumar’s serious breach of discipline; Had earlier decided to expel him from the party; K. Sudhakaran

We use cookies to give you the best possible experience. Learn more