തെന്നിന്ത്യന്‍ സിനിമകളുടെ പ്രഭാവം രാജ്യമാകെ പടര്‍ന്ന് പിടിച്ച വര്‍ഷമാണ് 2022. ഇക്കൂട്ടത്തില്‍ തെലുങ്ക് ചിത്രമായ സീതാ രാമവുമുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ഹനു രാഘവപ്പുടി സംവിധാനം ചെയ്ത ചിത്രം ഇന്ത്യ മുഴുവന്‍ ആഘോഷിക്കപ്പെട്ടിരുന്നു.
ചിത്രത്തെ പുകഴ്ത്തി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ബോളിവുഡ് താരമായ അനില്‍ കപൂറാണ്. ഒന്നിനേയും പ്രശംസിക്കാത്ത തന്റെ ഒരു സുഹൃത്ത് സീതാ രാമം കണ്ടിട്ട് കിടിലന്‍ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടുവെന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടി പങ്കെടുത്ത ഫിലിം കമ്പാനിയന്‍ നടത്തിയ ഡയറക്ടേഴ്‌സ് ആഡയില്‍ വെച്ചാണ് അനില്‍ കപൂറിന്റെ പരാമര്‍ശങ്ങള്‍.
വിദ്യാ ബാലന്‍, ജാന്‍വി കപൂര്‍, ആയുഷ്മാന്‍ ഖുറാന, വിജയ് വര്‍മ, ഷീബ ചദ്ദ, റിഷഭ് ഷെട്ടി തുടങ്ങിയവരും ആക്ടേഴ്സ് ആഡയില്‍ പങ്കെടുത്തിരുന്നു.
‘സാധാരണക്കാര്‍ ഒത്തുകൂടാറുള്ള ഒരു സ്ഥലത്ത് ഞാന്‍ പോവാറുണ്ട്. അവരോടൊക്കെ ഞാന്‍ സംസാരിക്കാറുണ്ട്. അവിടെ ഒരു മനുഷ്യനുണ്ട്. അയാള്‍ ആരേയും പുകഴ്ത്താറില്ല. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ഒരു സിനിമ കാണ്ടുകൊണ്ടിരിക്കുകയാണ്. ഏത് സിനിമയാണ് കാണുന്നത് എന്ന് ഞാന്‍ ചോദിച്ചു. സീതാ രാമം, കിടിലന്‍, അതിമനോഹരമായ സിനിമയാണെന്ന് പറഞ്ഞു. അയാള്‍ ഒന്നിനെ കുറിച്ചും അങ്ങനെ പറയാറില്ല,’ അനില്‍ കപൂര്‍ പറഞ്ഞു.
ഈ വര്‍ഷം കണ്ടതില്‍ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളെ പറ്റി ദുല്‍ഖര്‍ സല്‍മാനും ആക്ടേഴ്‌സ് ആഡയില്‍ പറഞ്ഞിരുന്നു. മൂന്ന് ചിത്രങ്ങളുടെ പേര് പറഞ്ഞ താരം കുഞ്ചാക്കോ ബോബന്റെ ന്നാതാന്‍ കേസ് കൊടാണ് ആദ്യം തെരഞ്ഞെടുത്തത്.
‘വടക്കന്‍ കേരളത്തില്‍ നടക്കുന്ന കഥയാണ്. അവിടുത്തെ ഒരു ചെറിയ ടൗണില്‍ നടക്കുന്ന കോര്‍ട്ട് റൂം ഡ്രാമയാണ്. വാപ്പച്ചി ചെയ്ത റോഷാക്കും എനിക്ക് ഇഷ്ടപ്പെട്ടു. ടൊവിനോയുടെ തല്ലുമാലയും വളരെയധികം ഇഷ്ടപ്പെട്ടു,’ ദുല്‍ഖര്‍ പറഞ്ഞു.