ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ തന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നതായി അനില്‍ കെ. ആന്റണി. എ.ഐ.സി.സി, കെ.പി.സി.സി എന്നിവയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍, മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജിക്കത്ത് അനില്‍ ആന്റണി തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു.
2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് എ.കെ. ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണി കഴിഞ്ഞദിവസം പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാജി പ്രഖ്യാപനം.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ‘അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ എന്റെ ട്വീറ്റ് പിന്‍വലിക്കാന്‍ ആഹ്വാനം ചെയ്യുന്നു, ഞാനത് നിരസിച്ചു,’ എന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം നിരവധി പേര്‍ അനിലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നുമായിരുന്നു അനില്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്.
”ബി.ജെ.പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മുന്‍വിധികളുടെ ഒരു നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്‌ട്രോയുടെയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യയിലുള്ളവര്‍ ഏറ്റുപിടിക്കുന്നത് അവര്‍ക്ക് അപകടകരമാം വിധം മുന്‍തൂക്കം നല്‍കുമെന്നും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്,” എന്നായിരുന്നു ട്വീറ്റ്.
യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി.ബി.സി ഡോക്യുമെന്ററി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ ട്വീറ്റും.
2002ലെ ഗുജറാത്ത് വംശഹത്യയെയും മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്കിനെയും കുറിച്ചാണ് ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗം പറയുന്നത്.
കലാപത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങളും ദൃക്സാക്ഷികളായവര്‍ ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് പുറത്തിറങ്ങി.
Content Highlight: Anil K Antony resigned from all positions in Congress