ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അനില്‍ പറഞ്ഞു.
രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ 2024ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം പങ്കുവെച്ചാണ് ട്വീറ്റിലൂടെ അനിലിന്റെ പരാമര്‍ശം.
‘2017ന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനം ഒരു പഠനവിഷയമാണ്. ഇനിയെങ്കിലും പാര്‍ട്ടി ഒരാളുടെ മണ്ടത്തരങ്ങള്‍ക്കോ തെറ്റുകുറ്റങ്ങള്‍ക്കോ തലവെക്കാതെ രാജ്യതാത്പര്യങ്ങള്‍ക്കായി നില്‍ക്കണം. അല്ലെങ്കില്‍ 2024നപ്പുറം കോണ്‍ഗ്രസ് ഉണ്ടാകില്ല’, അനില്‍ കെ. ആന്റണി പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിട്ടുള്ള ബി.ബി.സി ഡോക്യൂമെന്ററി വിഷയത്തിലും അനില്‍ ആന്റണിയുടെ ബി.ജെ.പി അനുകൂല പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
അതേസമയം, ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.
2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.
Content Highlight: Anil K. Antony criticized Rahul Gandi