| Thursday, 6th April 2023, 4:20 pm

സ്വന്തം മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പപ്പയും അമ്മയും എന്നെ പഠിപ്പിച്ചത്: അനില്‍ കെ. ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയിലേക്ക് പോകുന്നത് എ.കെ. ആന്റണിയുടെ പ്രതിഛായക്ക് കോട്ടമുണ്ടാക്കില്ലെന്നും ഇത് വ്യക്തിപരമായ തീരുമാനമാണെന്നും അനില്‍ കെ. ആന്റണി. സ്വന്തം മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് അച്ഛനും അമ്മയും തന്നെ പഠിപ്പിച്ചതെന്നും അദ്ദഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വീട്ടില്‍ നാല് പേരുണ്ട്. എല്ലാവര്‍ക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. മോദിയുടെ വീക്ഷണത്തിനായി സാധാരണ ബി.ജെ.പി പ്രവര്‍ത്തകനായാണ് പ്രവര്‍ത്തിക്കുകയെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമല്ലിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാജ്യതാല്‍പര്യങ്ങള്‍ക്ക് ഉപരിയായി രണ്ട്, മൂന്ന് വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ബി.ബി.സി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് രാജ്യ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു.

രണ്ട്, മൂന്ന് മാസം ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണിത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഓരോ പൗരനും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുണ്ടാകുന്നുണ്ട്. ഒരുപാട് പദ്ധതികള്‍ ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്,’ അനില്‍ കെ. ആന്റണി പറഞ്ഞു.

വ്യാഴാഴ്ച ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിന്റെ കൈയില്‍ നിന്നാണ് അനില്‍ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ കൂടെയാണ് അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Qutseion) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് അനില്‍ ആന്റണി പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിന്റെ പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരാണുള്ളതെന്നും പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Anil K Anthony said that it will not damage AK  Antony’s image and it is a personal decision  is going to BJP

We use cookies to give you the best possible experience. Learn more