മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദേശ്മുഖ് അറസ്റ്റിലായത്.
ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തി, 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി പലതവണ ദേശ്മുഖിന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാവുന്നതിനെതിരെ ദേശ്മുഖ് നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് മുന്‍ എന്‍.സി.പി മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്.
പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി അവരില്‍ നിന്നും എല്ലാ മാസവും നൂറ് കോടി പിരിക്കാന്‍ ശ്രമിച്ചെന്ന മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ തുടക്കം.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കയച്ച കത്തിലാണ് പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. താന്‍ അന്വേഷിക്കുന്ന മുകേഷ് അംബാനിക്ക് നേരെയുള്ള ബോംബ് ഭീഷണി കേസില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പരംബീര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.
തനിക്കെതിരെയുള്ളത് വെറും ആരോപണങ്ങള്‍ മാത്രമാണെന്നും, തന്നെ അപകീര്‍കത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ച് ദേശ്മുഖ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍, പരംബീറിന്റെ ഈ വെളിപ്പെടുത്തല്‍ വമ്പന്‍ രാഷ്ട്രീയ ചലനങ്ങളായിരുന്നു സംസ്ഥാനത്ത് ഉണ്ടാക്കിയിരുന്നത്. ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ദേശ്മുഖിന് മന്ത്രി സ്ഥാനം നഷ്ടമായത്.