മോദിജിയുടെ വീക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ് എന്നെ ട്രോളിയത്; 125 അല്ല 25 ആണ് ഉദ്ദേശിച്ചത്: അനില്‍ ആന്റണി
Kerala News
മോദിജിയുടെ വീക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ് എന്നെ ട്രോളിയത്; 125 അല്ല 25 ആണ് ഉദ്ദേശിച്ചത്: അനില്‍ ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th April 2023, 1:21 pm

തിരുവനന്തപുരം: യുവം പരിപാടിയില്‍ അടുത്ത 125 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന പ്രസ്താവന നാക്ക് പിഴയെന്ന് ബി.ജെ.പി നേതാവ് അനില്‍ ആന്റണി. ആറേഴ് മിനിട്ട് നടത്തിയ പ്രസംഗത്തില്‍ സംഭവിച്ച ചെറിയ പിഴവിനെ ചിലയാളുകള്‍ ഊതി വീര്‍പ്പിച്ചതാണെന്നും ട്രോളുകള്‍ കാര്യമാക്കുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.

മോദിയുടെ വീക്ഷണങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അസ്വസ്ഥരായ ചിലയാളുകളാണ് ട്രോളുകള്‍ക്ക് പിന്നിലെന്നും അനില്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.

25 വര്‍ഷം കൊണ്ട് ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുമെന്നാണ് ഉദ്ദേശിച്ചതെന്നും ട്രോളുകളില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആറേഴ് മിനിട്ട് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ വന്ന ചെറിയ നാക്ക് പിഴയാണ് അന്നുണ്ടായത്. അടുത്ത 25 വര്‍ഷത്തില്‍, 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അവിടെ വര്‍ഷത്തിന്റെ കാര്യത്തില്‍ ചെറിയൊരു പാകപ്പിഴ സംഭവിച്ചു അത്രയേ ഉള്ളൂ. ട്രോളുകളൊക്കെ കാണുമ്പേള്‍ എനിക്ക് വിഷമമൊന്നുമില്ല, പകരം സന്തോഷമാണ് തോന്നുന്നത്. മോദി ജീയുടെ വീക്ഷണങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നത് അവരെ അസ്വസ്ഥരാക്കിയത് കൊണ്ടാണ് എനിക്കെതിരെ ട്രോളുകള്‍ വന്നത്. അത് കാര്യമാക്കുന്നില്ല,’ അനില്‍ ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിഷേധാത്മക സമീപനമാണ് 2014ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും വരാനിരിക്കുന്ന ലോക് സഭ ഇലക്ഷനിലും വമ്പിച്ച വിജയം ബി.ജെ.പി നേടുമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന്റെ നിഷേധാത്മക സമീപനമാണ് അവരുടെ പതനത്തിന് കാരണം. ഞാന്‍ പറഞ്ഞ പോലെ ഇന്ത്യ ഇന്ന് ലോകത്ത് തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന രാജ്യമാണ്. ഐ.എം.എഫിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. വരും വര്‍ഷങ്ങളില്‍ ജര്‍മ്മനിയെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും.

പക്ഷെ ഇതൊന്നുമല്ല മോദിജിയുടെ സ്വപ്‌നം. മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന ലക്ഷ്യം രാഷ്ട്ര സേവനമാണ്. രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകാനും രാഷ്ട്ര നിര്‍മാണത്തിനും വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നത്തെ കോണ്‍ഗ്രസിനെ ജനങ്ങള്‍ എന്നേ കൈവിട്ടതാണ്. 2014ല്‍ ചരിത്രത്തിലില്ലാത്ത തോല്‍വിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്. 2024ലും ഇത് തന്നെ സംഭവിക്കും. റെക്കോര്‍ഡ് തോല്‍വിയായിരിക്കും കോണ്‍ഗ്രസിന് ഇന്ത്യന്‍ ജനത കൊടുക്കാന്‍ പോവുന്നത്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ യുവം പരിപാടിക്കിടെയാണ് 125 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് അനില്‍ ആന്റണി പറഞ്ഞത്. പിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളും കോണ്‍ഗ്രസിന്റെ മുന്‍ സൈബര്‍ വിഭാഗം തലവനായിരുന്ന അനിലിന് നേരെ ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അനില്‍ ആന്റണി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Anil antony reacting on trolls in yuvam program