| Monday, 24th April 2023, 10:59 pm

125 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും: അനില്‍ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടുത്ത 125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ കെ. ആന്റണി. പ്രധാനമന്ത്രി പങ്കെടുത്ത യുവം-23 പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അനിലിന്റെ പരാമര്‍ശം.

ഇന്ത്യയിലെ 140 കോടി ജനങ്ങളെയും സംരക്ഷിച്ച് കൊണ്ട് രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്‍മാരുടെയും വികസനത്തിനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെയും മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കും. ഓരോ വ്യക്തിക്കും സാമൂഹികമായും സാമ്പത്തികമായും മുന്നേറാനുള്ള അവസരം കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷം കൊണ്ട് ഒരു വികസികത രാജ്യമാക്കി മാറ്റാന്‍ മോദിക്കാവും. ലോക രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയെ വിശ്വഗുരുവാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്,’ അനില്‍ ആന്റണി പറഞ്ഞു.

അതേസമയം യുവാക്കളോട് സംവദിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ നേരിടാതെ പ്രധാനമന്ത്രി മടങ്ങിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേരള യുവതയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി മോദിയുടെ തെരഞ്ഞെടുപ്പ് പ്രഹസനമായി മാറിയെന്നാണ് വിമര്‍ശനമുയരുന്നത്.

പ്രധാനമന്ത്രിയോട് സംവദിക്കാനായി ബി.ജെ.പി തന്നെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളടക്കമുള്ള യുവജനങ്ങള്‍ വേദിയിലുണ്ടായിരുന്നെങ്കിലും അവര്‍ക്ക് അവസരം ലഭിച്ചില്ലെന്ന പരാതിയാണ് ഉയരുന്നത്. തന്റെ പ്രസംഗത്തിന് ശേഷം മോദി വേദിയില്‍ നിന്ന് പോവുകയായിരുന്നു. തുടര്‍ന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാരുമായി നേരത്തെ തീരുമാനിച്ചുറപ്പിച്ച കൂടിക്കാഴ്ച്ചക്കായി മോദി താജ് ഹോട്ടലിലേക്ക് തിരിക്കുകയും ചെയ്തു.

Content Highlight: anil antony praise modi in yuvam program

We use cookies to give you the best possible experience. Learn more