| Thursday, 28th September 2023, 1:39 pm

സൈനികന്റെ കള്ളക്കഥ പൊലീസ് കയ്യോടെ പൊക്കിയിട്ടും ന്യായീകരണം തുടര്‍ന്ന് അനില്‍ ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന സൈനികന്‍ ഷൈന്‍കുമാറിന്റെ കള്ളക്കഥ പൊലീസ് കയ്യോടെ പൊക്കിയിട്ടും സംഭവത്തില്‍ നായീകരണവുമായി ബി.ജെ.പി നേതാവ് അനില്‍ ആന്റണി.

സൈനികനും അദ്ദേഹത്തിന്റെ സുഹൃത്തും വ്യാജനാണെന്ന് തെളിഞ്ഞെങ്കിലും താന്‍ നടത്തിയ പ്രസ്താവനകളില്‍ വസ്തുതയുണ്ടെന്ന് അനില്‍ ന്യായീകരിച്ചു. കേരളം തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി മാറുന്നുവെന്നും സൈനികന്റെ വിഷയം ഉയര്‍ത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അനില്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

‘കുറച്ച് ദിവസങ്ങള്‍ മുമ്പ് ഞാന്‍ നടത്തിയ പ്രസ്താവനയില്‍ തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്ന രാഷ്ട്രീയക്കാരും, മീഡിയയും, ഫാക്ട് ചെക്കിങ് ടീമുമെല്ലാം അസ്വസ്ഥരാകുന്നത് കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജന്മാരാണെന്ന് തെളിഞ്ഞു.

എന്നാല്‍ കേരളം തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി മാറുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി തകര്‍ത്തത്. എന്നാല്‍ സൈനികന്റെ വിഷയം ഉയര്‍ത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്,’ അനില്‍ ആന്റണി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുമായി ബന്ധം പുലര്‍ത്തുന്ന, ഭീകരവാദത്തോട് മമത കാട്ടുന്ന ചിലര്‍ ഇവിടെ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്ക് ഇവരെല്ലാം കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അനില്‍ ആന്റണി എക്‌സില്‍ കുറിച്ചു.

കടയ്ക്കൽ സ്വദേശി ഷൈൻ കുമാറാണ് ഒരു സംഘം ആളുകൾ മർദിച്ചതായും ദേഹത്ത് പി.എഫ്.ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നും പരാതി നൽകിയിരുന്നത്.
പിന്നാലെ പരാതി വ്യാജമാണെന്ന് മനസിലാക്കിയ പൊലീസ് ഷൈൻ കുമാറിനെയും സുഹൃത്ത് ജോഷിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുതുകിൽ പി.എഫ്.ഐ. എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സുഹൃത്ത് മൊഴി നൽകിയിരുന്നു.

Content Highlights: Anil Antony justifies his comment on fake complaint of soldier in Kollam

We use cookies to give you the best possible experience. Learn more