ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ തലവനുമായിരുന്ന അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നു. വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം.
അല്‍പസമയത്തിനകം ബി.ജെ.പി അംഗത്വം സ്വീകരിക്കും. നിലവില്‍ ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുകയാണ്.
ബി.ജെ.പി നേതാവ് പിയൂഷ് ഗോയലില്‍ നിന്ന അനില്‍ ആന്റണി അല്‍പസമയത്തിനകം അംഗത്വം സ്വീകരിക്കുമെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ കൂടെയാണ് അനില്‍ ആന്റണി ബി.ജെ.പി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.
2002 ഗുജറാത്ത് വംശഹത്യയെയും നരേന്ദ്ര മോദിയുടെ അതിലെ പങ്കിനെയും കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് അനില്‍ ആന്റണി പങ്കുവെച്ച ട്വീറ്റ് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ അനില്‍ ആന്റണിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിന്റെ പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും രാജിക്കത്തില്‍ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും മുഖസ്തുതിക്കാരാണുള്ളതെന്നും പാര്‍ട്ടിയില്‍ യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.